ഡല്‍ഹിയില്‍ പത്താംക്ലാസുകാരന്‍ മെട്രോ സ്റ്റേഷനില്‍ നിന്നും ചാടി ജീവനൊടുക്കി. തന്റെ മരണത്തിനു കാരണക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരുമാണെന്ന് എഴുതിയ കുറിപ്പ് കുട്ടിയുടെ ബാഗില്‍ നിന്നും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
സെൻട്രൽ ഡൽഹിയിലെ ഒരു പ്രമുഖ സ്കൂളിലെ വിദ്യാര്‍ഥിയാണ് അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയുന്നത്. സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ് കുട്ടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അമ്മയോടും അച്ഛനോടും സഹോദരനോടും മാപ്പ് ചോദിച്ചുകൊണ്ടാണ് കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ആരംഭിക്കുന്നത്. നാലു അധ്യാപകരെ പേരെടുത്ത് പറഞ്ഞ് ശിക്ഷിക്കണം എന്നും കുട്ടി ആവശ്യപ്പെടുന്നു. തന്നോട് വളരെ മോശമായാണ് ഈ അധ്യാപകര്‍ പെരുമാറിയതെന്നും തനിക്കുണ്ടായ അനുഭവം ഇനിയൊരു വിദ്യാര്‍ഥിക്കും വരരുതെന്നും കുട്ടി പറയുന്നു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ മകനോട് വളരെ മോശമായാണ് ചില അധ്യാപകര്‍ പെരുമാറിയതെന്നും നിസാര കാര്യങ്ങള്‍ക്കുപോലും ശകാരിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് വെളിപ്പെടുത്തി.
‘അവൻ ഞങ്ങളോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു, അധ്യാപകരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല. അവന്റെ കൂട്ടുകാര്‍ക്കും സമാന അനുഭവമാണ് ഉണ്ടായത്, മികച്ച മാർക്ക് നേടുന്നതിനായി അധ്യാപകർ കുട്ടിയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും പിതാവ് പറയുന്നു. പത്താംക്ലാസില്‍ ഇന്‍റേണല്‍ മാര്‍ക്കുള്ളതിനാല്‍ പെട്ടെന്ന് സ്കൂള്‍ മാറ്റുക സാധ്യമല്ലാത്തതുകൊണ്ട് ബോര്‍ഡ് പരീക്ഷ വരെ പിടിച്ചുനില്‍ക്കാനായി തങ്ങള്‍ മകനെ ഉപദേശിച്ചിരുന്നുവെന്നും പിതാവ് പറയുന്നു.