ബിഹാറില്‍ നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. പുതിയ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 മന്ത്രിമാരും ജെ.ഡി.യുവിന് 15 മന്ത്രിമാരും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ചിരാഗ് പാസ്വാന്‍റെ എല്‍.ജെ.പി അവകാശവാദം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് ചേരുന്ന ജെ.ഡി.യു നിയമസഭാ കക്ഷി യോഗത്തില്‍ നിതീഷ് കുമാറിനെ സഭാ നേതാവായി തിരഞ്ഞെടുക്കും. നാളെ ബി.ജെ.പി നിയമസഭാ കക്ഷി യോഗവും എന്‍.ഡി.എ നേതൃയോഗവും ചേരും. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. 36 അംഗ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് 16 അംഗങ്ങളും ജെ.ഡി.യുവിന് 15 അംഗങ്ങളും ഉണ്ടാവും.
ചിരാഗ് പാസ്വാന്‍റെ എല്‍.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിനും ഉപേന്ദ്ര ഖുശ്‌വാഹയുടെ ആര്‍.എല്‍.എമ്മിനും ഓരോ മന്ത്രിസ്ഥാനം വീതവും നല്‍കും. ബി.ജെ.പിയുടെ കൈവശമുള്ള രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളില്‍ ഒരെണ്ണം വേണമെന്ന ആവശ്യം എല്‍.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്ന് എച്ച്.എ.എം നേതാവ് ജിതന്‍ റാം മാഞ്ചി അറിയിച്ചു
തേജസ്വി യാദവിന്‍റെ സഹോദരന്‍ തേജ് പ്രതാപ് യാദവ് എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. സീറ്റൊന്നും ലഭിച്ചില്ലെങ്കിലും തേജ് പ്രതാപ് യാദവിന്‍റെ ജനശക്തി ജനതാദള്‍ എന്‍.ഡി.എ പക്ഷത്തേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാണ്. എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തേജ്പ്രതാപ് പുകഴ്ത്തിയിരുന്നു. ലാലു കുടുംബത്തിലെ തമ്മിലടി രൂക്ഷമായി തുടരുകയാണ്. രോഹിണി ആചാര്യക്കൊപ്പം മറ്റ് മൂന്ന് പെണ്‍മക്കളും തേജസ്വിയുടെ നിലപാടുകളില്‍ അതൃപ്തി അറിയിച്ചു.