ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിലെ പാക് കണ്ണികള്‍ തെളിയുന്നതിനിടെ പാക്കിസ്ഥാനെ ഇന്ത്യയുടെ പുതിയ പ്രതിരോധനയം ഓര്‍മിപ്പിച്ച് കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ‘ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണും, ഒരുപോലെ തിരിച്ചടിക്കും എന്നതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സമീപനം. ചര്‍ച്ചയും ഭീകരതയും ഒന്നിച്ചുപോകില്ല. മറുവശത്തുള്ളവര്‍ സമാധാനത്തിന് ശ്രമിച്ചാല്‍ ഇന്ത്യ സഹകരിക്കും.’ ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജനറല്‍ ദ്വിവേദി ഡല്‍ഹിയില്‍ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ പറഞ്ഞു.
‘ഒരു രാജ്യത്തെ ഭരണകൂടം ഭീകരത പ്രോല്‍സാഹിപ്പിക്കുമ്പോള്‍ അത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നമ്മള്‍ സംസാരിക്കുന്നത് പുരോഗതിയെക്കുറിച്ചാണ്. ആ വഴിയില്‍ തടസമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല.’ – ജനറല്‍ ദ്വിവേദി വ്യക്തമാക്കി. Also Read: ഭീകരര്‍ക്ക് പ്രിയപ്പെട്ട ‘മദര്‍ ഓഫ് സാത്താന്‍’; ഉമറും മുഹമ്മല്‍ ഷക്കീലും കയ്യില്‍ കരുതിയ ‘ചാവേര്‍’
‘ഓപ്പറേഷന്‍ സിന്ദൂര്‍ ട്രെയിലര്‍ മാത്രം’
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ട്രെയിലര്‍ മാത്രമാണെന്ന് കരസേനാമേധാവി പറഞ്ഞു. പാക്കിസ്ഥാന്‍ ഒരവസരം തന്നാല്‍ എങ്ങനെയാണ് അയല്‍ക്കാരോട് പെരുമാറേണ്ടതെന്ന് പഠിപ്പിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്തെ യുദ്ധങ്ങള്‍ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാല്‍ എത്രകാലം നീളുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് പടക്കോപ്പുകള്‍ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.
ചെങ്കോട്ട സ്ഫോടനത്തെ ഭീകരാക്രമണമായി കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങളെ ഇന്ത്യയ്ക്കെതിരായ യുദ്ധമായി കാണുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കരസേനാമേധാവിയുടെ വാക്കുകള്‍ പ്രസക്തമാകുന്നത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ അവസാനിപ്പിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മാത്രമാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്.