കണ്ണൂരിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്ക്കു പിന്നാലെ രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായ മുകേഷ് ജംഗിദിനെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചു. എസ്‌.ഐ.ആർ ജോലികൾ പൂർത്തിയാക്കാൻ മുകേഷ് കടുത്ത സമ്മർദ്ദം നേരിട്ടതായും കുടുംബം ആരോപിച്ചു. 45 വയസുകാരനായ മുകേഷിന്റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിങ്ങിന് സമീപമാണ് കണ്ടെത്തിയത്. പോക്കറ്റിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

ജയ്പുരിലെ നഹ്രി കാ ബാസിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് മുകേഷ് ജോലി ചെയ്തിരുന്നത്. ആത്മഹത്യയ്ക്ക് തൊട്ടു മുൻപ് മുകേഷ് ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയതായി സഹോദരൻ ഗജാനന്ദ് പറഞ്ഞു. എസ്ഐആർ ജോലികൾ കാരണം മുകേഷ് സമ്മർദ്ദം നേരിട്ടിരുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണിയുണ്ടെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും ഗജാനന്ദ് പറഞ്ഞു.

മുകേഷ് ജംഗിദിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംസ്ഥാന, ജില്ലാ, സബ്ഡിവിഷൻ തലങ്ങളിൽ എസ്‌ഐആർ റാങ്കിങ്ങിൽ ഒന്നാമതെത്താനുള്ള മത്സരം ബി‌എൽ‌ഒമാരുടെ മേൽ അമിത സമ്മർദ്ദം ചെലുത്തുന്നതായി രാജസ്ഥാൻ പ്രൈമറി, സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിപിൻ പ്രകാശ് ശർമ ആരോപിച്ചു.

ENGLISH SUMMARY:

Following the suicide of Aneesh George in Kannur, another BLO has died by suicide in Rajasthan. Mukesh Jangid, a government primary school teacher, was found dead after being hit by a train. Relatives and colleagues alleged that it was a suicide. His family stated that Mukesh had been under severe pressure to complete SIR-related tasks. The 45-year-old’s body was found near the Bindayka railway crossing. Reports say a suicide note was recovered from his pocket.