ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് അത്യന്തം അപകടകാരിയായ ടിഎടിപി രാസവസ്തുവെന്ന് സൂചന. ട്രയാസിടോണ്‍ ട്രൈ പെറോക്സൈഡ് ആണ് ഐഇഡി നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ചൂടുകൊണ്ടോ ഘര്‍ഷണം കൊണ്ടോ പൊട്ടിത്തെറിക്കുന്നതാണ് ടിഎടിപി. സാത്താന്റെ അമ്മ എന്നാണ് ഈ രാസവസ്തു അറിയപ്പെടുന്നത്. ഡല്‍ഹി സ്ഫോടനത്തിന് ഡോ.ഉമര്‍ നബിക്ക് നിര്‍ദേശം കിട്ടിയത് പാക്കിസ്ഥാനില്‍ നിന്ന്. ബോംബ് നിര്‍മാണ രീതികള്‍ ടെലഗ്രാം ആപ്പ് വഴിയാണ് വിശദീകരിച്ചത് . ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായിരുന്ന ഡോ.ഉമര്‍ വീട്ടില്‍ ലാബ് ഒരുക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഒരു ഡോക്ടർകൂടി അറസ്റ്റിൽ. ഫരീദാബാദ് അൽ ഫലാഹ് സർവ്വകലശാലയിലെ മെഡിക്കൽ വിദ്യാർഥി നിസാർ ആലം എന്ന ജനിസുർ ആലമാണ് ബംഗാളിലെ ഉത്തർ ദിനാജ്പുരിൽനിന്ന് അറസ്റ്റിലായത്. ലുധിയാന സ്വദേശിയാണ്. സ്ഫോടനം നടന്ന കാറിലുണ്ടായിരുന്ന ഡോ. ഉമർ നബിയുമായും അറസ്റ്റിലായ മറ്റ് ഭീകരരുമായും നിസാറിന് ബന്ധമുണ്ടെന്ന് എൻ ഐ എയ്ക്ക് വിവരം ലഭിച്ചതോടെയാണ് നടപടി. കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബംഗാളിൽ എത്തിയതായിരുന്നു നിസാറെന്നും ചോദ്യം ചെയ്യലിനിടെ രക്ഷപെടാൻ ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഉമർ നബിയുമായി ബന്ധമുള്ള അൽ ഫലാഹിലെ രണ്ട് ഡോക്ടർമാരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അൽ ഫലാഹ് സർവ്വകലാശാലയിലെ 15 ഡോക്ടര്‍മാര്‍ ഒളിവിലാണ്. കേസിൽ നിരവധി പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഹരിയാനയിലും ജമ്മു കശ്മീരിലും പൊലീസിന്റെ വ്യാപക പരിശോധയും തുടരുകയാണ്. സ്ഫോടനത്തെ തുടർന്ന് അടച്ചിട്ട ചെങ്കോട്ട പരിസരം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു.