ഡല്‍ഹി സ്ഫോടനത്തില്‍ ഡോ. ഉമര്‍ നബി ചാവേറെന്ന് സ്ഥിരീകരിച്ച് എന്‍ഐഎ. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജമ്മു കശ്മീര്‍ സ്വദേശി അമീര്‍ റഷീദ് അലിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത് . ഇയാളുടെ പേരിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Also Read: ചൂട് തട്ടിയാല്‍ അത്യുഗ്ര സ്ഫോടനം; ഡല്‍ഹിയില്‍ പ്രയോഗിച്ചത് 'സാത്താന്‍റെ അമ്മ'?

സ്ഫോടനം നടത്താനുള്ള IED നിര്‍മാണത്തിന് വൈറ്റ് കോളര്‍ ഭീകരസംഘം ഉപയോഗിച്ചത് അപകടകാരിയായ TATP എന്ന് സൂചനയുണ്ട്. ബോംബ് നിര്‍മാണത്തിനായി ഉമര്‍ നബി വീട്ടില്‍ ലാബ് നിര്‍മിച്ചതായും കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ലഭിച്ചത്. സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്കു സമീപത്തെ റോഡില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. 

അത്യന്തം അപകടകാരിയാണ് ‘സാത്താന്‍റെ അമ്മ’ എന്നറിയപ്പെടുന്ന ട്രയാസിടോണ്‍ ട്രൈപെറോക്സൈഡ് എന്ന ടി.എ.ടി.പി. താപനിലയിലെ നേരിയ വ്യതിയാനമോ പ്രകമ്പനമോ ഘര്‍ഷണമോ പൊട്ടിത്തെറിക്ക് ഇടയാക്കാം. 2015 ലെ പാരീസ് ഭീകരാക്രമണത്തിലും 2017 ലെ മാഞ്ചസ്റ്റര്‍ ആക്രമണത്തിലും ഇതേ വസ്തു ഉപയോഗിച്ചിരുന്നു. വിപണിയില്‍ സുലഭമായ ലഭിക്കുന്ന ഏസ്ടോണും ഹൈഡ്രജന്‍ പെറോക്സൈഡും ഉപയോഗിച്ചാണ് നിര്‍മാണം. 

സ്ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജിനു സമീപത്തെ വീട്ടിലാണ് ബോംബ് നിര്‍മാണത്തിനായി ലാബ് ഒരുക്കിയിരുന്നത്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ ടെലിഗ്രാം ആപ് വഴി പാക്കിസ്ഥാനില്‍നിന്നാണ് ലഭിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. അല്‍ഫലാഹ് സര്‍വകലാശാല അന്വേഷണത്തിന്‍റെ കേന്ദ്രബിന്ദു ആയതിന് പിന്നാലെ മെഡിക്കല്‍ കോളജിലെ 15 ഡോക്ടര്‍മാര്‍ ഒളിവിലാണ്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന മൂന്ന് 9 എംഎം. വെടിയുണ്ടകളാണ് ചെങ്കോട്ടയ്ക്കു സമീപത്തുനിന്ന് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരം വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാറില്ല. ഇതെങ്ങനെ സ്ഫോടനസ്ഥലത്ത് എത്തി എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്

ENGLISH SUMMARY:

Delhi Blast investigation confirms Umar Nabi as the perpetrator. The NIA has arrested a suspect and is investigating the source of the explosives and potential terror links.