Image Credit:x
ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഏഴു പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരിച്ചറിഞ്ഞവ ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.
പരുക്കേറ്റവരിലേറെയും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരുക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഫരീദാബാദില്‍ നിന്നും പിടികൂടിക്കൊണ്ടുവന്ന 360 കിലോ സ്ഫോടക വസ്തുക്കളില്‍ നിന്നും സാംപിളുകള്‍ എടുത്ത് പരിശോധിക്കുന്നതിനിടെയാണ് അപകടം.
Members of the State Disaster Response Force walk past an armored vehicle near the site of an explosion inside a police station in Srinagar, Indian controlled Kashmir, Friday, Nov. 14, 2025. (AP Photo/Yasin Dar)
രാത്രിയോടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്‍റെ ശക്തിയില്‍ നൗഗാം സ്റ്റേഷന്‍ കെട്ടിടത്തിന് സാരമായി പരുക്കേറ്റു. ആംബുലന്‍സിലും പൊലീസ് വാഹനങ്ങളിലുമായി പരുക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍ മുസമ്മില്‍ ഗനായിയുടെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്തതായിരുന്നു സ്ഫോടക വസ്തു.
പൊട്ടിത്തെറിക്ക് പിന്നാലെയുണ്ടായ ചെറുസ്ഫോടനങ്ങള്‍ ഉദ്യോഗസ്ഥര്‍ നിര്‍വീര്യമാക്കി. കേസ് റജിസ്റ്റര്‍ ചെയ്തത് നൗഗാമിലായതിനാല്‍ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളില്‍ ഭൂരിഭാഗവും സൂക്ഷിച്ചത് സ്റ്റേഷനുള്ളിലായിരുന്നു. ബണ്‍പോറ, നൗഗാം എന്നിവിടങ്ങളില്‍ ഒക്ടോബര്‍ പകുതിയോടെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ നിന്നാണ് വൈറ്റ് കോളര്‍ ഭീകര സംഘത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഫരീദാബാദില്‍ നിന്നും മൂന്ന് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ ശ്രീനഗര്‍ പൊലീസ് പിടികൂടിയതും വന്‍ സ്ഫോടക ശേഖരം കണ്ടെത്തിയതും. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം ചെങ്കോട്ടയില്‍ ഇവരുടെ സംഘാംഗമായ ഡോക്ടര്‍ ഉമര്‍നബി ചാവേര്‍ സ്ഫോടനം നടത്തി. ഈ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം നടന്നുവരുന്നതിനിടെയാണ് ശ്രീനഗറിലെ സ്ഫോടനവും. ഫരീദാബാദിലെ അല്‍ ഫല സര്‍വകലാശാല കേന്ദ്രമാക്കിയാണ് ഡോക്ടര്‍മാരുടെ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നും 360 കിലോ അമോണിയം നൈട്രേറ്റിന് പുറമെ 2900 കിലോയോളം കുഴിബോംബ് നിര്‍മിക്കാനാവശ്യമായ വസ്തുക്കളും കണ്ടെത്തിയിരുന്നു.
Google trending topic: Srinagar blast