ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരാക്രമണം എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഫോടനം നടത്തിയത് ഡോ.ഉമര്‍ തന്നെയെന്നും സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ ഉമറുണ്ടെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഡൽഹിയിൽ രാംലീല മൈതാനം ഉള്‍പ്പെടെ കൂടുതൽ സ്ഥലങ്ങളില്‍ ഭീകരൻ ഉമർ എത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. അസഫ് അലി റോഡിലെ പള്ളിയിൽ തങ്ങിയതായി വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഉമര്‍ വാങ്ങിയ ചുവന്ന കാറും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ചുവന്ന കാര്‍ റജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലെന്നും സീലംപുരിലെ താമസക്കാരായ കുടുംബത്തിന്റേതെന്നും കണ്ടെത്തി. സ്ഫോടനത്തിന്റെ നടുക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്തുവന്നു.
അതേസമയം, ഡൽഹിയുടെ ഹൃദയഭാഗത്ത്, തന്ത്രപ്രധാന മേഖലയായ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ ആക്രമണം ആരുടെ വീഴ്ച എന്ന ചോദ്യം കേന്ദ്ര സർക്കാരിന് മുൻപിൽ ഉയർന്നുനിൽക്കുകയാണ്. ഡൽഹി NCRൽ വരുന്ന ഹരിയാനയുടെ മേഖലകളിൽ ഭീകര ശൃംഖലകൾ എങ്ങനെ ഇത്രമേൽ വേരൂന്നി എന്നതും കണ്ടെത്തേണ്ടതുണ്ട്. രാജ്യതലസ്ഥാനത്തോട് ചേർന്നു കിടക്കുന്ന ഹരിയാനയിൽ ഭീകര സംഘങ്ങൾ പിടിമുറുക്കുന്നുവെന്ന സൂചനകൾ ഇന്നും ഇന്നലെയും വന്നുതുടങ്ങിയതല്ല. അതിനു പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. മുളയിലെ നുള്ളാത്തതിന്റെ പരിണിതഫലമാണ് ഡൽഹിയുടെ ഹൃദയഭാഗത്ത് പൊലിഞ്ഞ 13 നിരപരാധികളുടെ ജീവനുകൾ. ഇന്ത്യ - പാക് സമാധാന ട്രെയിനായിരുന്ന സംഝോത എക്സ്പ്രസ് ട്രെയിനിൽ സ്ഫോടനമുണ്ടത് ഹരിയാനയിലെ പാനിപ്പത്തിലാണ്. 2007ലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 68 പേർ.
2022ൽ ഹരിയാനയിലെ കർണാലിൽ പാക് ഭീകര സംഘങ്ങളുമായി ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്തു. വലിയ ആയുധശേഖരവും പിടിച്ചെടുത്തു. ഓപ്പറേഷൻ സിന്ദൂരിന് ശേഷം രാജ്യവ്യാപകമായി നടന്ന പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും ഹരിയാനയിൽ നിന്നും ഭീകരബന്ധം ഉള്ളവരെ കണ്ടെത്തിയിരുന്നു. ഇതെല്ലാം നിലനിൽക്കെ ജമ്മു കശ്മീർ അടക്കമുള്ള ഇടങ്ങളിൽ നിന്നും ഡോക്ടർമാർ അടക്കമുള്ള പ്രഫഷണലുകൾ എത്തുന്നു, ഭീകരബന്ധം വളർത്തുന്നു, സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും വൻ ശേഖരം ഉണ്ടാക്കുന്നു. ഇത്രയും സംസ്ഥാനത്ത് നിർബാധം നടന്നിട്ടും പോലീസ് അറിഞ്ഞില്ലെന്നത് അനാസ്ഥയുടെ അങ്ങേയറ്റം വെളിവാക്കുന്നു.
ഭീകരരുടെ ഒളിത്താവളം ചൂണ്ടിക്കാട്ടാൻ ജമ്മു കശ്മീരിൽനിന്നും അന്വേഷണസംഘം എത്തേണ്ടിവന്നു. രാജ്യതലസ്ഥാനത്തേക്ക് നീണ്ടുകിടക്കുന്ന സുഗമമായ ഗതാഗത സംവിധാനങ്ങളിൽ ഭീകരർ കണ്ണുവച്ചിരിക്കാമെന്നത് വൈറ്റ് കോളർ ശൃംഖലയുടെ നീക്കം വ്യക്തമാക്കുന്നു. ചെങ്കോട്ട സ്ഫോടനവും പുൽവാമ മുതൽ ഫരീദാബാദ് വരെ നീളുന്ന വൈറ്റ് കോളർ ഭീകരബന്ധവും ഹരിയാന പൊലീസിനുള്ള വലിയ മുന്നറിയിപ്പ് ആണ്.