ഡൽഹിയിൽ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയും സംഘവും നാല് നഗരങ്ങളില്‍ ഒരുമിച്ച് സ്ഫോടനത്തിന് പദ്ധതിയിട്ടു. രണ്ടുപേര്‍ വീതമുളള നാല് സംഘങ്ങള്‍ രൂപീകരിച്ചായിരുന്നു പദ്ധതി. ഇതിനായി മുഹമ്മലും ഉമറും അദീലും ഷഹീനും ചേര്‍ന്ന് 20 ലക്ഷം സ്വരൂപിച്ചു. ഈ തുക ഉമറിന് കൈമാറിയെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളുടെ ഡയറികളിലും നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. 25 പേരുടെ വിവരങ്ങള്‍ പ്രത്യേക കോഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോ. ഉമർ നബിയ്ക്കും കൂട്ടാളികളുടെയും തുർക്കി ബന്ധത്തെക്കുറിച്ച് അന്വേഷണം. ഉമറും കൂട്ടാളിയും നേരത്തെ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി. തുർക്കി സന്ദർശനത്തിനുശേഷമാണ് വൈറ്റ് കോളർ ഭീകര സംഘത്തിന്റെ പ്രവർത്തനം വിപുലീകരിച്ചത്. ഇതിനായി ജയ്ഷെ ബന്ധമുള്ള യുകാസ എന്ന ഏജന്റിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിച്ചതായാണ് വിവരം. Also Read: ഉമര്‍ കൂടുതൽ സ്ഥലങ്ങളിലെത്തി; ചുവന്ന കാര്‍ റജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തില്‍
ഉമർ നബിയും കൂട്ടാളികളും ബാബറി മസ്ജിദ് തകർക്കൽ വാർഷികത്തിലും ആക്രമണത്തിന് പദ്ധതിയിട്ടതായും റിപ്പോർട്ടുണ്ട്. ചെങ്കോട്ടയ്ക്ക് മുന്നിൽ സ്ഫോടനം നടത്തിയത് ഡോക്ടർ ഉമർ നബി തന്നെയെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു. ഉമർ നബിയുടെ മാതാവിന്റെ സാംപിൾ ഒത്തു നോക്കിയാണ് സ്ഥിരീകരണം.
ഉമർ ഉപയോഗിച്ചെന്നു കരുതുന്ന ചുവന്ന ഇക്കോസ്പോർട്ട് കാർ റജിസ്റ്റർ ചെയ്തത് ഡൽഹി സീലംപൂരിലെ വ്യാജ വിലാസത്തിലാണ്. വിലാസം കൈമാറിയ അൽഫലാഹ് കോളേജിലെ രണ്ട് മെഡിക്കൽ വിദ്യാർഥികളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കാർ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണം ഫരീദാബാദ് ഖണ്ഡാവാലി ഗ്രാമത്തിൽ എൻഎസ്ജി സംഘം പരിശോധന തുടരുകയാണ്.