പതിമൂന്നു വയസ്സുള്ള മകന്റെ മൊബൈല്‍ ഉപയോഗത്തിലും ഗെയിം ആസക്തിയിലും മനംനൊന്ത് 38 വയസ്സുള്ള സ്ത്രീ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഝാൻസിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചിത്രകൂട് സ്വദേശികളായ സ്ത്രീയും ഭർത്താവും 13 വയസ്സുള്ള മകനോടൊപ്പം റക്സയ്ക്കടുത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് താമസിച്ചിരുന്നത്. ഇവരുടെ ഭർത്താവ് ഒരു സ്വകാര്യ ധനകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു.
അർദ്ധരാത്രിയില്‍ ഭാര്യയെ കാണാതായതോടെയാണ് ഭര്‍ത്താവ് തിരക്കിയിറങ്ങിയത്. വീടിനകത്തും പുറത്തും തിരയുന്നതിനിടെ, മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മകൻ ഓൺലൈൻ ഗെയിമുകളിൽ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നുവെന്നും ഇത് ഭാര്യയുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നതായും ഭര്‍ത്താവ് പറയുന്നു.
മരിച്ച സ്ത്രീയുടെ മാനസികാരോഗ്യത്തെപ്പറ്റി വളരെയധികം ആശങ്കയുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്. കുറച്ചുനാളായി മകന്‍റെ മൊബൈല്‍ ആസക്തിയെ കുറിച്ചോര്‍ത്ത് അവൾ സമ്മർദ്ദത്തിലായിരുന്നു. അതുകൊണ്ടായിരിക്കാം അവൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്നാണ് ബന്ധുക്കളും പറയുന്നത്.
മൊബൈൽ ഉപയോഗം കുറയ്ക്കാൻ മകനോട് നിരന്തരം അമ്മ ആവശ്യപ്പെട്ടിരുന്നു. ഗെയിമുകൾക്ക് അടിമപ്പെട്ട മകൻ ഇത് കേട്ടില്ല. മകൻ പഠനത്തിൽ വളരെ പിന്നിലായതോടെയാണ് ഷീലാ ദേവി മാനസികമായി തകരുകയും ജീവനൊടുക്കുകയും ചെയ്തതെന്ന് എസ്എച്ച്ഒ രൂപേഷ് കുമാർ പറഞ്ഞു.