• ഉന്നത തലയോഗം വിളിച്ച് അമിത് ഷാ
  • ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടോ എന്ന് തിരച്ചില്‍
  • കാര്‍ ഓടിച്ചത് കറുത്ത മാസ്ക്ധാരി

രാജ്യത്തെ നടുക്കി ചെങ്കോട്ടയില്‍ ഒന്‍പതു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം ഭീകരാക്രമണം എന്ന് സ്ഥിരീകരണം. യുഎപിഎ 16,18 വകുപ്പുകള്‍ പ്രകാരം ചാന്ദ്നി ചൗക്ക് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സ്ഫോടക വസ്തു നിയമത്തിലെ മൂന്നും നാലും വകുപ്പുകളും ചുമത്തി. പുല്‍വാമയിലെ ഡോക്ടറുടെ കാറാണ് ഡല്‍ഹിയില്‍ നിരപരാധികളുടെ ജീവന്‍ കവരാന്‍ ഉപയോഗിച്ചത്. കാറുടമ താരിഖിനെ ജമ്മു പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പലരിലൂടെ കൈമറിഞ്ഞ കാര്‍ നിലവില്‍ ഉമര്‍ മുഹമ്മദ് എന്നയാളുടെ പക്കലാണ് ഉണ്ടായിരുന്നത്. 

ഇന്നലെ ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് ജമ്മുപൊലീസ് രണ്ട് ഡോക്ടര്‍മാര്‍ അടങ്ങിയ ഭീകരസംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘാംഗമാണ് ഉമര്‍ എന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജെയ്ഷെ ബന്ധം പിടിയിലായ രണ്ട് ഡോക്ടര്‍മാര്‍ക്കും സ്ഥിരീകരിച്ചിരുന്നു. ഉമര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടോയെന്നുള്ള പരിശോധന നടക്കുകയാണ്. 

കൂട്ടാളികളുടെ അറസ്റ്റിന് പിന്നാലെ ഫിദായീന്‍ ശൈലിയില്‍ നടത്തിയതാണ് ചെങ്കോട്ടയിലെ സ്ഫോടനമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം. സ്ഫോടനമുണ്ടായ സ്ഥലത്ത് ആര്‍ഡിഎക്സിന്‍റെ ഗന്ധമില്ലാത്തതും സ്ഫോടനത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും ശരീരത്തില്‍ ചീളുകള്‍ കൊണ്ടുള്ള മുറിവ് കണ്ടെത്താത്തതും വന്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു.ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരങ്ങളിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. സിഐഎസ്എഫ്, പിഎസി, പ്രാദേശിക പൊലീസ് സംഘങ്ങള്‍ എന്‍ഐഎ എന്നിവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

ഭീകരാക്രമണത്തെ യുഎസ് അപലപിച്ചു. ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റില്‍ പറയുന്നു. നിലവിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍  9.30ഓടെ ഉന്നതതല യോഗം ചേരും. ഐബി തലവന്‍, ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ENGLISH SUMMARY:

The fatal explosion at Red Fort, Delhi, which killed nine people, has been confirmed as a terrorist attack, with police registering cases under UAPA and Explosives Act. The car used was originally a doctor's car from Pulwama but was last owned by Umar Mohammed, a suspected associate of the two doctors with Jaish-e-Mohammed links recently arrested in Faridabad, Haryana.