delhi-blast

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഉണ്ടായ വൻ സ്‌ഫോടനത്തില്‍ 9 പേർ മരിച്ചതായി റിപ്പോർട്ട്. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്.നിരവധി പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം.

chenkotta-sha

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന.

terror-blast

കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. പലരില്‍നിന്ന് കൈമറിഞ്ഞ കാര്‍ നിലവിലുണ്ടായിരുന്നത് ഉമര്‍ മുഹമ്മദ് എന്നയാളുടെ പക്കലാണ്. ഇന്നലെ ഹരിയാന ഫരീദാബാദില്‍നിന്നടക്കം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഭീകരസംഘത്തിലെ അംഗമാണ് ഉമര്‍ മുഹമ്മദും എന്നാണ് വിവരം. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോക്ടര്‍മാരടക്കം എട്ടുപേരാണ് ഇന്നലെ പിടിയിലായത്. ഉമര്‍ മുഹമ്മദും ജയ്ഷെ മുഹമ്മദിലെ അംഗമാണ് എന്നാണ് റിപ്പോര്‍ട്ട്. ഉമറും ചെങ്കോട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടോ എന്ന് പരിശോധിക്കുന്നു.

delhi-blast-3

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സ്ഫോടനമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്ത് കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ടുകാറുകൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നെന്നുമാണ് വിവരം.

ENGLISH SUMMARY:

Delhi Red Fort Blast: A major explosion near Delhi's Red Fort metro station resulted in casualties and raised concerns about a possible terrorist attack. Investigations are underway to determine the exact cause and those responsible for the incident.