രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വന്‍ സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 8 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്. 20പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ പൊലീസ് തയാറായിട്ടില്ല. വൈകുന്നേരം 6.55 ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്.
ഈ സമയത്ത് വിനോദസഞ്ചാരികളടക്കം നിരവധിപേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഒന്നരകിലോമീറ്ററിലധികം ദൂരത്തേക്ക് സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം നിരോധിച്ചു. പൊതു ഇടങ്ങളെല്ലാം ഒഴിപ്പിച്ചു. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങളും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.
അതേസമയം, ഡല്‍ഹിയിലുള്‍പ്പെടെ സ്ഫോടനത്തിന് പദ്ധതിയിട്ട പാക് ബന്ധമുള്ള ഭീകര സംഘം ഇന്ന് പിടിയിലായിരുന്നു. രണ്ട് ഡോക്ടര്‍മാരടക്കം ഏഴുപേരെടങ്ങുന്ന വൈറ്റ് കോളര്‍ ശൃംഖലയെയാണ് ജമ്മു കശ്മീര്‍ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയത്. 2,900 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ തിരച്ചില്‍ തുടരുന്നു. ഭീകരരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. Also Read: രാജ്യതലസ്ഥാനത്ത് ഡോക്ടര്‍മാരുടെ ഭീകരാക്രമണ ശ്രമം; നീക്കം പൊളിച്ച് പൊലീസ്
ഡോക്ടര്‍മാരും പ്രഫഷണലുകളും വിദ്യാര്‍ഥികളുമടക്കം ഏഴു പേര്‍. നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുമായി ബന്ധമുള്ള വൈറ്റ് കോളര്‍ ഭീകര ആവാസ വ്യവസ്ഥയെന്ന് ജമ്മു കശ്മീര്‍ പൊലീസ്. പാകിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും സമ്പർക്കം പുലർത്തുന്ന ഭീകരരെയാണ് ജമ്മുകശ്മീര്‍ പൊലീസ് അറസ്റ്റുചെയ്തത്. ശ്രീനഗർ, അനന്ത്‌നാഗ്, ഗന്ദർബാൽ, ഷോപ്പിയാൻ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. എല്ലാവരും ജമ്മു കശ്മീരുകാരാണ്. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് അറസ്റ്റുചെയ്ത ഡോ. മുസമ്മിൽ അഹമ്മദിന്‍റെ പക്കല്‍നിന്ന് 360 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. ഡല്‍ഹി ലക്ഷ്യമിട്ടുള്ള വന്‍ ഭീകരാക്രമണ നീക്കമാണ് തകര്‍ത്തതെന്ന് പൊലീസ്.
യുപി സഹാറൻപൂരില്‍നിന്ന് പിടിയിലായ ഡോ. അദീൽ അഹമ്മദില്‍നിന്നാണ് മുസമ്മിലിനെക്കുറിച്ച് വിവരം ലഭിച്ചത്. ആകെ 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും തോക്കുകളും ചൈനീസ് നിര്‍മിത പിസ്റ്റളുകളും റിമോട്ട് കൺട്രോൾ, ടൈമറുകൾ, മെറ്റൽ ഷീറ്റുകൾ തുടങ്ങിയവും പിടിച്ചെടുത്തു. ജമ്മു കശ്മീരില്‍ തിരച്ചില്‍ തുടരുന്നു. ഭീകരരുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.