അസമിലെ ഗുവാഹത്തിയില്‍ വ്യോമസേനയുടെ വന്‍ അഭ്യാസപ്രകടനം ഇന്ന്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ അഭ്യാസം നീണ്ടുനില്‍ക്കും. ഇതാദ്യമായാണ് ഇത്ര വലിയ അഭ്യാസം രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗത്ത് വ്യോമസേന നടത്തുന്നത്.
ബ്രഹ്മപുത്ര നദിയിലെ ലച്ചിത് ഘാട്ടില്‍ മുന്‍നിര യുദ്ധവിമാനങ്ങളും ചരക്കുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഫ്ലൈ പാസ്റ്റിന്‍റെ ഭാഗമാകും. 75 യുദ്ധവിമാനങ്ങളാണ് ഫ്ലൈ പാസ്റ്റില്‍ പങ്കെടുക്കുന്നത്. തൊണ്ണൂറ്റി മൂന്നാം വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചാണ് ഫ്ലൈ പാസ്റ്റ്.
LCA തേജസ്, റഫാല്‍, സുഖോയ് 30 എംകെഐ, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങള്‍ വിവിധ ഫോര്‍മേഷനുകളില്‍ അണിനിരക്കും. അപ്പാച്ചെ ഹെലികോപ്റ്ററുകളും സി – 295 സൈനിക ചരക്കുവിമാനവും പങ്കെടുക്കും. സൂര്യകിരണ്‍ എയ്റോബാറ്റിക് ടീമിന്‍റെ പ്രകടനവും ഉണ്ടാകും. വടക്ക് കിഴക്കന്‍ മേഖലയിലേയും ബംഗാളിലെയും ഏഴ് വ്യോമതാവളങ്ങളില്‍നിന്നാണ് യുദ്ധവിമാനങ്ങള്‍ പറന്നുയരുക. ഗുവാഹത്തി, തേസ്പൂര്‍, ബാഗ്ദോഗ്രയടക്കം വ്യോമ താവളങ്ങള്‍ അഭ്യാസത്തില്‍ പ്രധാന പങ്കുവഹിക്കും.
ബംഗ്ലദേശിലെ പാക് സ്വാധീനം, ഏറെ അകലെയല്ലാത്ത ചൈന. ഇതടക്കം വിവിധ വശങ്ങള്‍ പരിഗണിച്ചാണ് ഫ്ലൈ പാസ്റ്റ് ഗുവാഹത്തിയില്‍ നടത്തുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എന്നിവര്‍ ലച്ചിത് ഘാട്ടിലെത്തും. പൊതുജനങ്ങള്‍ക്കും അഭ്യാസം വീക്ഷിക്കാം.