ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യന്‍ വ്യോമസേന നേടിയത് സമ്പൂര്‍ണ ആധിപത്യം. സ്വിസ് ഡിഫൻസ് തിങ്ക് ടാങ്കായ സെന്റർ ഡി ഹിസ്റ്ററി എറ്റ് ഡി പ്രോസ്പെക്റ്റീവ് മിലിറ്റയേഴ്സ് (CHPM) ആണ് ഇന്ത്യന്‍ വ്യോമാക്രമണത്തിന്‍റെ വിശദമായ റിപ്പോർട്ട് പുറത്തിറക്കിയത്. നാല് ദിവസത്തിനുള്ളിൽ പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഇന്ത്യ, മെയ് 10 ഉച്ചയോടെ പാകിസ്ഥാനെ വെടിനിർത്തലിന് നിർബന്ധിതരാക്കി.
റാഫേൽ, മിറാഷ്-2000 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് മെയ് 7-ന് രാത്രി ജെയ്‌ഷെ-ഇ-മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. പാകിസ്ഥാൻ പിഎല്‍-15 ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരിച്ചടിയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ എസ്-400 ഉൾപ്പെടുന്ന ലേയേർഡ് എയർ-ഡിഫൻസ് നെറ്റ്‌വർക്ക് മിക്ക ആക്രമണങ്ങളും പരാജയപ്പെടുത്തി. റിപ്പോർട്ടിൽ പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യയുടെ പ്രതിരോധ സംവിധാനം ഭൂരിഭാഗവും തടഞ്ഞു. നിരവധി പിഎല്‍-15 മിസൈൽ കേസിങ്ങുകൾ ഇന്ത്യൻ പ്രദേശത്ത് നിന്ന് കണ്ടെത്തിയത് ഇന്ത്യൻ പൈലറ്റുകൾ മിസൈൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടെന്ന സൂചനയാണ് നല്‍കുന്നത്.
ഒരു റാഫേൽ, ഒരു മിറാഷ്-2000, കൂടാതെ ഒരു മിഗ്-29 അല്ലെങ്കിൽ എസ്യു-30എംകെഐ എന്നിവ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആറ് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന പാകിസ്ഥാന്‍റെ അവകാശവാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. 47 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയ മിലിട്ടറി ചരിത്രകാരൻ അഡ്രിയാൻ ഫോണ്ടനെല്ലസ്, സംഘർഷത്തിന്റെ അവസാനഘട്ടത്തിൽ പാകിസ്ഥാന് സൈനിക നീക്കങ്ങൾ തുടരാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്ന് വിലയിരുത്തുന്നു.