Image Credit: Reuters (Left), AFP (Right)
നാലുവര്‍ഷത്തിനിടെ ഇതാദ്യമായി അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളറായതോടെ ഇന്ധനക്ഷാമം പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി പാക്കിസ്ഥാന്‍. യുദ്ധം തുടരുന്ന സ്ഥിതിക്ക് ഇന്ധനക്ഷാമം അനുഭവപ്പെട്ടേക്കാമെന്നും ആ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ വേണ്ടി വരുമെന്നും വ്യക്തമാക്കിയ പാക് സര്‍ക്കാര്‍ കാബിനറ്റ് അംഗങ്ങള്‍ക്ക് അടുത്ത രണ്ട് മാസം ശമ്പളമുണ്ടാകില്ലെന്ന് അറിയിച്ചു.സ്കൂളുകളും അടച്ചു. തൊഴില്‍ദിനങ്ങള്‍ ആഴ്ചയില്‍ നാലായി പരിമിതപ്പെടുത്തി. പകുതിപ്പേര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പെട്രോള്‍ ലീറ്ററിന് 55 രൂപ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിച്ചതിന് പുറമെയാണ് പാക് സര്‍ക്കാരിന്‍റെ ഈ നടപടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയാണിത്. രാജ്യാന്തര വിപണിയില്‍ ഇന്ധന വില കുറയുന്നതോടെ കുറവ് വരുത്തുമെന്നും പാക് പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക് അറിയിച്ചിരുന്നു. ഇന്ധനവില വര്‍ധിച്ചതിന് പിന്നാലെ പാക്കിസ്ഥാനില്‍ വിലക്കയറ്റവും രൂക്ഷമായിട്ടുണ്ട്. 7 ശതമാനമായിരുന്നു നേരത്തെ നാണ്യപ്പെരുപ്പമെങ്കില്‍ ഏപ്രില്‍–ജൂണ്‍ പാദത്തില്‍ അത് 9.25 ശതമാനത്തിലെത്തുമെന്നാണ് കണക്ക്. ഇന്ധനവില കുതിച്ചുയരുന്നതിന്‍റെ ഫലമായി അവശ്യസാധനങ്ങള്‍ക്കും വില ഉയരും.
രാജ്യാന്തര വിപണിയില്‍ ബ്രെന്‍റ് ക്രൂഡ് വില കഴിഞ്ഞ 45 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ബാരലിന് 120 ഡോളറിനടുത്താണ് നിലവിലെ വില. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 72.87 ഡോളറായിരുന്നു. വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റിനാവട്ടെ ബാരലിന് 114 ഡോളറാണ് വില.