വ്യോമസേനയ്ക്ക് കരുത്തേകാൻ അതിനൂതന സ്മാര്‍ട് ബോംബായ ഹാമര്‍ ഇന്ത്യയിൽ നിർമ്മിക്കാൻ കരാറായി. ഇന്ത്യന്‍ വ്യോമസേനയുടേയും നാവിക സേനയുടേയും റഫാല്‍ യുദ്ധവിമാനങ്ങളിലാണ് ഹാമർ ബോംബുകൾ ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും (BEL) ഫ്രഞ്ച് സ്ഥാപനമായ സഫ്രാന്‍ ഇലക്ട്രോണിക്‌സ് ആന്റ് ഡിഫന്‍സും (SED) തമ്മില്‍ ഹാമര്‍ നിർമ്മാണത്തിനുള്ള നിർണ്ണായക കരാറിൽ ഒപ്പുവെച്ചു.

ഇന്ത്യൻ പ്രതിരോധമേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിനാണ് പുതിയ കരാർ വഴിയൊരുങ്ങുന്നത്. ഹൈലി അജൈൽ മോഡുലാർ മ്യൂണിഷൻ എക്‌സ്‌റ്റൻഡഡ് റേഞ്ച് (Highly Agile Modular Munition Extended Range) എന്നതിന്റെ ചുരുക്കപ്പേരാണ് ഹാമർ. സാധാരണ ബോംബുകളെ 'സ്‌മാർട്ട് ബോംബു'കളാക്കി മാറ്റുന്ന ഒരു കിറ്റാണ് ഹാമർ. മലനിരകളിലെ ബങ്കറുകളും ഉറപ്പേറിയ കോൺക്രീറ്റ് കെട്ടിടങ്ങളും തകർക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്.

70 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ സാധിക്കുന്നതിനാൽ ശത്രുരാജ്യത്തിന്റെ വ്യോമപരിധിയിൽ കടക്കാതെ തന്നെ സുരക്ഷിതമായ അകലത്തിൽ നിന്ന് ഹാമറിന് ആക്രമണം നടത്താം. ഇവ സ്വയം ലക്ഷ്യം കണ്ടെത്തി നശിപ്പിക്കുന്നതിനാൽ പൈലറ്റിന്റെ ആവശ്യമില്ല. ജിപിഎസ് (GPS), ഇൻഫ്രാറെഡ്, ലേസർ ഗൈഡൻസ് സംവിധാനങ്ങൾ ഉള്ളതിനാൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, മോശം കാലാവസ്‌ഥയിലും കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ഇവയ്ക്കാകും.

റഫാൽ യുദ്ധവിമാനങ്ങളിലാണ് നിലവിൽ ഹാമർ ഉപയോഗിക്കുന്നതെങ്കിലും പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന ഹാമർ മിസൈലുകൾ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളിലും ഘടിപ്പിക്കും. ഇതോടെ തേജസിൻ്റെ ആക്രമണശേഷി പതിന്മടങ്ങ് വർധിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. 

മിസൈൽ നിർമിക്കാൻ വേണ്ടി ഇരു സ്‌ഥാപനങ്ങൾക്കും 50% വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്‌ഥാപിക്കും. പദ്ധതി പ്രകാരം ഹാമറിന്റെ ഭാഗങ്ങള്‍ ഫ്രാന്‍സില്‍നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ നിര്‍മിക്കുകയാണ് ചെയ്യുക. എന്നാല്‍, ക്രമേണ ഹാമറിന്റെ 60 ശതമാനം ഭാഗങ്ങൾ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനായിരിക്കും നിര്‍മാണത്തിന്റേയും പരിശോധനയുടേയും മേല്‍നോട്ട ചുമതല. 

ENGLISH SUMMARY:

HAMMER missile production is set to begin in India through a collaboration between BEL and Safran. This will significantly enhance the capabilities of Indian fighter jets like Rafale and Tejas.