സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തില്‍ വന്‍ പ്രതിസന്ധി. ഇതുവരെ 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. എണ്ണൂറോളം സര്‍വീസ് വൈകി. ഡല്‍ഹിയില്‍ നിന്നെടുക്കുന്ന വിമാനങ്ങള്‍ 50 മിനിറ്റ് വരെ വൈകി. ഏറെനേരത്തെ ശ്രമഫലമായി സാങ്കേതിക പ്രശ്നത്തിന് പരിഹാരം കണ്ടു . എയര്‍ ‌ട്രാഫിക് കണ്‍‌ട്രോളിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു. എന്നിരുന്നാലും സര്‍വീസ് പഴയപടിയാകാന്‍ സമയമെ‌ടുക്കും.

ഇന്നലെ രാത്രി തുടങ്ങിയ പ്രശ്നം മണിക്കൂറുകള്‍ പിന്നിട്ടിട്ടും പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുഴുവന്‍ സര്‍വീസുകളെയും ബാധിക്കുന്നതായി വിമാന താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുടെ പുതിയ ഷെഡ്യൂള്‍ പരിശോധിക്കണമെന്നും അഭ്യര്‍ഥനയുണ്ട്. 

ഡല്‍ഹിയിലെ പ്രശ്നം മുംബൈ, ലക്നൗ, ജയ്പൂര്‍, ചണ്ഡിഗഡ്, അമൃത്സര്‍ അടക്കം പല വിമാന താവളങ്ങളെയും ബാധിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ സെർവർ തകരാണ് സാങ്കേതിക പ്രശ്നത്തിന് കാരണം. ഇതുമൂലം ഫ്ലൈറ്റ് പ്ലാനുകൾ സിസ്റ്റത്തിൽ ലഭ്യമല്ല. വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് അപ്ഡേറ്റ് ചെയ്യണം. ഇതാണ് വിമാനം വൈകുന്നതിന് കാരണം. 

സാങ്കേതിക തകരാറിന് കാരണം സൈബർ ആക്രമണം അല്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഡിജിറ്റൽ സ്പൂഫിങ്ങിന് ശ്രമം നടന്നിരുന്നു. തെറ്റായ സിഗ്നലുകൾ അയച്ച് വിമാനങ്ങളെ വഴി തെറ്റിക്കലാണ് ഡിജിറ്റൽ സ്പൂഫിങ്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാന താവളമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളം. പ്രതിദിനം 1,500 ലേറെ സര്‍വീസാണ് ഡല്‍ഹിയില്‍നിന്നുള്ളത്.