മധ്യപ്രദേശിൽ മതപരിവർത്തനമാരോപിച്ച് മലയാളി മിഷണറി റവറന്‍റ് ഡി.ഗോഡ്‌വിന്‍റെ അറസ്റ്റിൽ കടുത്ത പ്രതിഷേധമെന്ന് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക. വിവരങ്ങൾ ചോദിച്ചറിയാൻ വിളിച്ചിട്ട് ജയിലിലടച്ചെന്ന് സഭാവൃത്തങ്ങള്‍ ആരോപിച്ചു. വൈദികന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
മധ്യപ്രദേശിലെ രത്‌ലമിൽ കഴിഞ്ഞ 12 വർഷമായി മിഷനറി പ്രവർത്തനം നടത്തുകയാണ് റവ ഗോഡ്‍വിൻ. മലയിൻകീഴ് സ്വദേശിയായ റവ. ഗോഡ് വിനെ 25നാണ് മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത FIR ൽ ഗോഡ്‍വിന്‍റെ പേരില്ലെന്നും എന്നിട്ടും ജാമ്യം നിഷേധിക്കാൻ ശ്രമമുണ്ടെന്നും സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആരോപിച്ചു. ജാമ്യം ലഭിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സഭ.
പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും രോഗി പരിചരണം നടത്തുകയുമാണ് റവ ഗോഡ് വിനും സഹപ്രവർത്തകരും ചെയ്യുന്നതെന്ന് വൈദികന്‍റെ കുടുംബം പറഞ്ഞു. നിയമസഹായം നൽകുന്നതിനായി സഭയിലെ വൈദിക സംഘം മധ്യപ്രദേശിൽ എത്തിയിട്ടുണ്ട്.