വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനിടെ റദ്ദാക്കിയാല്‍ യാത്രക്കാരന് മുഴുവന്‍ തുകയും  തിരികെ നല്‍കണമെന്ന കരട് നിര്‍ദേശവുമായി ഡി.ജി.സി.എ.  48 മണിക്കൂറിനിടെ ടിക്കറ്റ് പുനഃക്രമീകരിക്കാനും അധിക നിരക്ക് ഈടാക്കരുത്.  നിര്‍ദേശങ്ങളില്‍ വിമാന കമ്പനികളോട് ഡിജിസിഎ മറുപടി തേടി.

വിമാന ‌യാത്രക്കാരുടെ ഏറെക്കാലമായുള്ള പരാതികള്‍ പരിഗണിച്ചാണ് ഡി.ജി.സി.എ ടിക്കറ്റ് റദ്ദാക്കല്‍, പുനഃക്രമീകരിക്കല്‍ നയങ്ങള്‍ മാറ്റാനൊരുങ്ങുന്നത്. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ആദ്യ 48 മണിക്കൂര്‍ യാത്രക്കാര്‍ക്ക് ലുക്ക് ഇന്‍ ഓപ്ഷന്‍ നല്‍കണമെന്നാണ് കരട് നിര്‍ദേശം.  ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍ മുഴുവന്‍‌ തുകയും റീഫണ്ടായി നല്‍കണം.  യാത്ര പുനഃക്രമീകരിച്ചാല്‍‌ അധിക നിരക്ക് ഈടാക്കരുത്.  പുതിയ ടിക്കറ്റിന്‍റെ നിരക്ക് മാത്രമേ ഈടാക്കാവു.  ആഭ്യന്തര വിമാനയാത്രയ്ക്ക്  അഞ്ചുദിവസവും രാജ്യാന്തര യാത്രയ്ക്ക് 15 ദിവസം മുന്‍പുവരെയും മാത്രമേ ഈ സൗകര്യം ലഭിക്കു.  

ട്രാവൽ ഏജന്‍റ് മുഖേനയോ ഓണ്‍ലൈന്‍ പോർട്ടൽ വഴിയോ ബുക്ക് ചെയ്ത ടിക്കറ്റായാലും റീഫണ്ടിന്റെ ഉത്തരവാദിത്തം എയർലൈനുകൾക്കായിരിക്കും,  21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് പ്രക്രിയ പൂർത്തിയാക്കുന്നുണ്ടെന്ന് എയർലൈനുകൾ ഉറപ്പാക്കണം.  അടിയന്തര ആരോഗ്യ കാരണങ്ങളാല്‍ യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് തുകയോ ക്രെഡിറ്റ് സൗകര്യമോ തിരികെ നല്‍കാമെന്നും നിര്‍ദേശമുണ്ട്.   കരട് നിര്‍ദേശങ്ങളില്‍ നവംബർ 30നകം വിമാന കമ്പനികള്‍ അഭിപ്രായമറിയക്കണം.  നിര്‍ദേശങ്ങള്‍ നടപ്പായാല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും.

ENGLISH SUMMARY:

Flight ticket refund rules are being updated by DGCA. The draft proposal ensures full refunds for cancellations within 48 hours of booking and prohibits extra charges for rescheduling.