Photo: @SachinGuptaUP/ X
രാജസ്ഥാനിൽ നിർത്തിയിട്ടിരുന്ന ട്രക്കില്‍ ടെമ്പോ ട്രാവലർ ഇടിച്ചുകയറി 15 പേർ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ ജയ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ ഫലോഡി ജില്ലയിൽ, മടോഡ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ബികാനെറിലെ കപിൽ മുനി ആശ്രമത്തിൽ നിന്നു പ്രാർഥന കഴിഞ്ഞ് മടങ്ങിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ജോധ്പൂരിലെ സുർസാഗർ നിവാസികളാണ്.
15 യാത്രക്കാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. പരുക്കേറ്റവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഇവരെ ആദ്യം ഒസിയാനിലെ ആശുപത്രിയിലെത്തിക്കുയും കൂടുതല്‍ ചികില്‍സയ്ക്കായി പിന്നീട് ജോധ്പൂരിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റവർക്ക് വൈദ്യസഹായവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
അതേസമയം, കഴിഞ്ഞ മാസം ജയ്സാൽമറിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 26 പേർ മരിച്ചിരുന്നു. എ.സിയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. ബസിൽ എക്സിറ്റ് ഗേറ്റ് ഇല്ലാത്തതും അപകടത്തിന്‍റെ ആക്കം കൂട്ടി. അപകടത്തെത്തുടർന്ന്, നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ക്കും പെർമിറ്റ് മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍ക്കുമെതിരെ ഗതാഗത വകുപ്പ് കര്‍ശനമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.