ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ 35കാരനെ കാമുകിയുടെ കുടുംബം തല്ലിക്കൊന്നു. പര്‍ച്ഛ് ഗ്രാമവാസിയായ രവിയാണ് മരിച്ചത്. കാമുകി മനീഷ(18)യുടെ ബന്ധുക്കളാണ് രവിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. യുവാവിന്‍റെ മരണത്തിനു പിന്നാലെ മനീഷ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു. കൊലപാതകക്കുറ്റം ഒഴിവാക്കാനായി അമ്മാവന്‍ സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മനീഷയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞാണ് രവി ഇവരുടെ വീട്ടിലെത്തിയത്. മനീഷയെ കാണാനെത്തിയ രവിയെ രോഷാകുലരായ കുടുംബം കെട്ടിയിട്ട് കമ്പുകള്‍ കൊണ്ട് തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. മനീഷയുടെ ബന്ധുക്കള്‍ക്കു പുറമേ ഗ്രാമവാസികളും യുവാവിനെ മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് വെള്ളം ചോദിച്ചെങ്കിലും നൽകിയില്ല. യുവാവിന്‍റെ മരണവിവരമറിഞ്ഞ് സ്വയം കഴുത്തറത്ത് മനീഷയും സ്വയം കുത്തി അമ്മാവന്‍ പിന്‍റുവും ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇരുവരും ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
രവിയാണ് പിന്റുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞെങ്കിലും സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. രവിയോടൊപ്പം മുന്‍പ് മനീഷ ഒളിച്ചോടിപ്പോയിരുന്നെന്നും ഈ ദേഷ്യം കൂടി ബന്ധുക്കള്‍ക്കുണ്ടെന്നും പെണ്‍കുട്ടിയുടെ മുത്തശ്ശി പൊലീസിനോട് വെളിപ്പെടുത്തി. പര്‍ച്ഛ് ഗ്രാമത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചെന്നും രണ്ടുപേര്‍ പരുക്കേറ്റ് ചികിത്സയിലാണെന്നും ഹമിർപൂരിലെ പോലീസ് സൂപ്രണ്ട് ദീക്ഷ ശർമ്മ പറഞ്ഞു.