രാജ്യത്തിന് അഭിമാനമായി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അംബാല വ്യോമതാവളത്തില്‍ നിന്നായിരുന്നു രാഷ്ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കല്‍. സേനയിലും റഫാലിലും സര്‍വസൈന്യാധിപയ്ക്കുള്ള വിശ്വാസം അടിവരയിടുന്നതാണ് നീക്കം.
ഇന്ത്യന്‍ വ്യോമസേനയ്ക്ക് ചരിത്രനിമിഷം. ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്കുവഹിച്ച റഫാലില്‍ സര്‍വസൈന്യാധിപ പറന്നുയര്‍ന്നു. പതിനേഴാം നമ്പര്‍ സ്ക്വാഡ്രനായ ഗോള്‍ഡന്‍ ആരോസിന്‍റെ കമാന്‍ഡിങ് ഓഫിസര്‍ ഗ്രൂപ് ക്യാപ്റ്റന്‍ അമിത് ഗെഹാനിയായിരുന്നു പൈലറ്റ്. പാക് ഭീകരകേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും കനത്ത നാശം വിതയ്ക്കാന്‍ അഞ്ചുമാസം മുന്‍പ് റഫാല്‍ പറന്നുയര്‍ന്നതും ഇതേ വ്യോമകേന്ദ്രത്തില്‍ നിന്ന്. മറ്റൊരു റഫാലില്‍ അകമ്പടിയായി വ്യോമസേന മേധാവി എ.പി.സിങ്ങും ഉണ്ടായിരുന്നു
രാവിലെ പതിനൊന്ന് മണിയോടെ ഓവറോള്‍ ധരിച്ച് റഫാലിനടുത്തേക്ക് ദ്രൗപതി മുര്‍മു എത്തി. ആശങ്കയൊട്ടുമില്ലാത്ത മുഖം. വിമാനത്തിനകത്തെ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി. ഇത് രണ്ടാംതവണയാണ് ദ്രൗപതി മുര്‍മു യുദ്ധവിമാനത്തില്‍ പറക്കുന്നത്. 2023 ല്‍ അസമിലെ തേസ്പുരില്‍നിന്ന് സുഖോയ് 30 എം.കെ.ഐ വിമാനത്തിലും പറന്നിരുന്നു.
അംബാല വ്യോമതാവളത്തില്‍ രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വരവേറ്റത്. എ.പി.ജെ അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലുമാണ് മുന്‍പ് യുദ്ധവിമാനത്തില്‍ പറന്ന രാഷ്ട്രപതിമാര്‍.