‘മൊന്‍ത’ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. നിലവില്‍ മച്ചലിപട്ടണത്തിന് 70 കിലോ മീറ്റര്‍ അകലെ എത്തി. ആന്ധ്രപ്രദേശില്‍ കനത്ത ജാഗ്രതയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുള്ള അതിതീവ്ര ചുഴലിക്കാറ്റായി തീരം തൊടല്‍. ആന്ധ്രയുടെയും ഒഡീഷയുടെയും തീരദേശങ്ങളില്‍ ഇന്നലെ രാവിലെ തുടങ്ങിയ കനത്ത പേമാരിയും കാറ്റും ഇപ്പോഴും തുടരുകയാണ്.
താഴ്ന്ന മേഖലകളില്‍ നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചു. ഒരു കാരണവശാലും ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് പുറത്തിറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ഇരുസംസ്ഥാനങ്ങളിലുമായി 22 കമ്പനി എന്‍.ഡി.ആര്‍.എഫിനെയും വിന്യസിച്ചു. ആന്ധ്രയില്‍ സ്കൂളുകള്‍ക്കു വെള്ളിയാഴ്ച അവധി നല്‍കി. വിശാഖപട്ടണം വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും നിര്‍ത്തി. വിശാഖപട്ടണം വഴി കടന്നുപോകുന്ന 54 ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് രണ്ടു മരണം. ഇടുക്കി പേത്തൊട്ടിയില്‍ ശക്തമായ കാറ്റില്‍ മരംവീണ് തോട്ടംതൊഴിലാളി മരിച്ചു. ശാന്തന്‍പാറ ടാങ്കുമേട സ്വദേശി സുനിതയാണ് മരിച്ചത്. ആലപ്പുഴ ആര്യാട് വേമ്പനാട്ട് കായലിൽ കാറ്റിലും കോളിലുംപെട്ട് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. മണ്ണഞ്ചേരി കൈതവളപ്പിൽ വീട്ടിൽ സജിമോന്റെ മൃതദേഹമാണ് റാണി, ചിത്തിര കായലിനോട് ചേർന്നുള്ള പുത്തനാറിൽ നിന്നും കണ്ടെത്തിയത്. ഇന്നലെയാണ് വള്ളം മുങ്ങി സജിമോനെ കാണാതായത്.
കനത്ത കാറ്റിലും മഴയിലും എടത്വ തലവടിയിൽ വീട് തകർന്നു. വീട്ടുടമ കൃഷ്ണൻ കുട്ടിയുമായി വീട്ടുകാർ ആശുപത്രിയിൽ പോയപ്പോഴായിരുന്നു അപകടം. ആലപ്പുഴ ഹരിപ്പാട് കാറ്റിലും മഴയിലും വ്യാപകനാശം. പള്ളിപ്പാട് ഒട്ടേറെ മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതിത്തൂണുകള്‍ വീണും നാശനഷ്ടം. കണ്ണൂര്‍ കൊയ്യത്ത് വീടിന്റെ ഭിത്തി തകര്‍ന്നു. മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെലോ അലര്‍ട് നിലവിലുണ്ട്.