ബിഹാറിലെ ഗ്രാമങ്ങളിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി പരമദയനീയം. നാട്ടുകാർ പരാതി പറഞ്ഞാലും തിരിഞ്ഞു നോക്കാറില്ല അധികൃതർ. കിഷൻഗഞ്ച് ജില്ലയിലെ ബഡിജാൻ എന്ന ഉൾഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമാണിത്. തുറന്നിട്ട് മാസങ്ങളായി. മുൻപ് മാസത്തിൽ മൂന്നോ നാലോ ദിവസം ഒരു ഡോക്ടർ വന്നിരുന്നു ഇപ്പോൾ അതുമില്ല. കാടുപിടിച്ച ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്.
കുറച്ചപ്പുറത്തെ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമികാരോഗ്യ കേന്ദ്രമുണ്ട്. ഡോക്ടറില്ല, ഒരു നഴ്സ് മാത്രമെ ഉള്ളു. കിടത്തി ചികിൽസയില്ലാത്ത ഇവിടെ വർഷം എണ്ണൂറും തൊള്ളായിരവും പ്രസവം നടക്കാറുണ്ടെന്നാണ് അവകാശവാദം. നമ്മുടെ നാട്ടിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന് തുല്യമായ ആശുപത്രിയിൽ മാത്രമാണ് ഡോക്ടറുള്ളത്. അവിടെയും കിടത്തിച്ചികിൽസയില്ല. വാർഡുകളുടെ സ്ഥിതി പരിതാപകരം.