ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്‍റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്. അപകടസ്ഥലത്തെ ഉൾപ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് വാഹനം താരത്തിന്‍റെ തന്നെയാണെന്ന് ഉറപ്പാക്കിയത്.
അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തില്‍ 3 പേര്‍ക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസാര പരുക്കേറ്റു. അനിതയുടെ കാൽ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.