ആൺകുഞ്ഞ് ജനിക്കാന്‍വേണ്ടി യുവതിയെ രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. തുടർന്ന് ഭർത്താവിന്റെ അച്ഛനുമായും സഹോദരനുമായും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് യുവതി ക്രൂരമായ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായത്.
2021-ലാണ് മെഹക് ഖാനും ഷാ ഫഹീദും വിവാഹിതരായത്. മാസങ്ങൾക്കകം തന്നെ ഭർത്താവും വീട്ടുകാരും ലക്ഷക്കണക്കിന് രൂപയും കാറും സ്ത്രീധനമായി ആവശ്യപ്പെട്ട് തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിക്കാതായതോടെ യുവതിക്ക് ദിവസവും ക്രൂരമായ മർദ്ദനമേൽക്കേണ്ടി വന്നു. ഇത് നട്ടെല്ലിനടക്കം ഗുരുതര പരുക്കിനും കാരണമായി.
യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഭർതൃവീട്ടുകാരുടെ ഉപദ്രവം വർധിച്ചു. പിന്നീട് വീണ്ടും ഗർഭിണിയായപ്പോൾ, കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കാൻ അൾട്രാസൗണ്ട് സ്കാൻ നടത്തി. സ്കാനിൽ പെൺകുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടർന്ന് രണ്ടുതവണയാണ് ഗർഭച്ഛിദ്രം നടത്തിയത്.
ഒരു മകനുണ്ടാകാൻ വേണ്ടി ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് ഭർത്താവിന്റെ അച്ഛനുമായോ സഹോദരനുമായോ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഭർത്താവിന്റെ അച്ഛനും സഹോദരനും പലതവണ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭർത്താവിനോട് പലപ്പോഴായി പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് യുവതിയെയും മകളെയും ക്രൂരമായി മർദ്ദിച്ച ശേഷം വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് പരാതി. മെഹക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ്, ഭർതൃമാതാവ്, ഭർതൃസഹോദരിമാർ, ഭർതൃസഹോദരൻ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തു.