മറാത്തി സംസാരിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ യുട്യൂബര്‍ക്ക് യാത്രക്കാരിയുടെ ഭീഷണി. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററായ മാഹി ഖാന്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിമാനയാത്രക്കിടെയുണ്ടായ ദുരനുഭവം വിവരിക്കുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മാഹിനെര്‍ഗി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യുട്യൂബറാണ് തന്റെ വിമാനയാത്രയെക്കുറിച്ച് പറയുന്നത്. കൊല്‍ക്കത്തയില്‍ നിന്നും മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനം AI 676ല്‍ യാത്ര ചെയ്യുന്നതിനിടെയാണ് യാത്രക്കാരി മോശമായി പെരുമാറിയത്. മുംബൈയിലേക്കല്ലേ ഇറങ്ങാന്‍ പോകുന്നത്? മറാത്തിയില്‍ സംസാരിക്കൂവെന്നാണ് യാത്രക്കാരി ആവശ്യപ്പെടുന്നത്. മുംബൈയിലേക്ക് പോകുന്നവര്‍ക്ക് മറാത്തി അറിഞ്ഞിരിക്കണമെന്നും മറാത്തി സംസാരിക്കാന്‍ തയ്യാറല്ലെങ്കില്‍ അവിടെ ഇറങ്ങിക്കഴിയുമ്പോള്‍ ശരിയാക്കിതരാമെന്നും യുവതി ഭീഷണിപ്പെടുത്തുന്നു.
എന്നാല്‍ തനിക്ക് മറാത്തി സംസാരിക്കാനാവില്ലെന്ന് യുട്യൂബര്‍ മറുപടി പറയുകയും സഹായത്തിനായി കാബിന്‍ ക്രൂ അംഗങ്ങളെ വിളിക്കുകയും ചെയ്തു, അവരുടെ മുന്‍പില്‍വച്ചും യാത്രക്കാരി ഭീഷണി തുടര്‍ന്നെന്ന് മാഹി ഖാന്‍ പറയുന്നു. ‘മറാത്തി പറയൂ, ഇല്ലെങ്കില്‍ മുംബൈ വിടൂ’എന്ന ക്യാപ്ഷനോടെയാണ് മാഹി ഖാന്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയെക്കൂടി ടാഗ് ചെയ്താണ് ഇയാള്‍ വിഡിയോ പങ്കുവച്ചത്. ഇത്തരം യാത്രക്കാര്‍ക്ക് യാത്രാവിലക്ക് നല്‍കണമെന്നും നടപടി എടുക്കണമെന്നുമാണ് മാഹി ഖാന്‍ ആവശ്യപ്പെടുന്നത്.
ഹ്യൂണ്ടായി ഇന്ത്യയുടെ ലോഗോയുള്ള ഷര്‍ട്ട് ഇട്ട യാത്രക്കാരി ഹ്യുണ്ടായി ജീവനക്കാരിയാണെന്നാണ് ചിലര്‍ വിഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. എന്നാല്‍ മറ്റുള്ളവരെ മറാത്തി സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നത് തങ്ങളുടെ സംസ്കാരമോ രീതിയോ അല്ലെന്നാണ് വിഡിയോക്ക് താഴെ മഹാരാഷ്ട്ര സ്വദേശികള്‍ പ്രതികരിക്കുന്നത്.