concert-woman-assam

ഇന്ത്യയിലെ ഒരു സംഗീത പരിപാടിക്കിടെ തനിക്കുനേരെയുണ്ടായ അതിക്രമം പങ്കുവച്ച് വിദേശ വനിത. അസമിലെ ഗുവാഹത്തിയിലെ പോസ്റ്റ് മാലോൺ സംഗീത പരിപാടിയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമിലെ ഡിസ്കവര്‍ വിത്ത് എമ്മ എന്ന അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ‘ഇന്ത്യയിലെ സംഗീത പരിപാടികള്‍ സ്ത്രീകൾക്ക് സുരക്ഷിതമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന് കുറിച്ചാണ് എമ്മ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ഒപ്പം പങ്കുവച്ച വിഡിയോയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് ‘നിങ്ങളുടെ കൈകള്‍ അടക്കിവച്ചോളൂ; അറപ്പാകുന്നു’ എന്ന് എമ്മ പറയുന്നതും കേള്‍ക്കാം.

സംഗീത പരിപാടിയിലേക്ക് പ്രവേശിച്ചതേ ഓര്‍മ്മയുള്ളൂവെന്നും മിനിറ്റുകൾക്കുള്ളിൽ തന്നെയും കൂടെയുണ്ടായിരുന്ന പെണ്‍ സുഹൃത്തിനെയും പലരും അനുവാദമില്ലാതെയും അനുചിതമായും സ്പര്‍ശിച്ചുവെന്നും എമ്മ പറയുന്നു. ‘വെറും 10 മിനിറ്റ്, ഞങ്ങൾക്കവിടെ ഒട്ടും സുരക്ഷിതത്വം തോന്നിയില്ല. അതിനാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇറങ്ങിപ്പോന്നു. ‘ഇത് സാധാരണ തിരക്കല്ല സ്ത്രീകൾക്കെതിരായ പൊതുഇടങ്ങളിലെ അക്രമമാണ്. ഒരു സംഗീതപരിപാടിക്കിടയില്‍ അത് ആസ്വദിക്കുന്നതിനിടയില്‍ സ്വന്തം ശരീരം പോലും സംരക്ഷിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു’ എമ്മ പറയുന്നു.

അതേസമയം, ഈ ഒരു സംഭവത്തിന്‍റെ പേരില്‍ ഗുവാഹത്തിയെ മൊത്തത്തിൽ കുറ്റപ്പെടുത്താന്‍ താനില്ലെന്നും എമ്മ വ്യക്തമാക്കി. ‘ഇവിടയെത്തി ഇത്രയും ദിവസംകൊണ്ട് ഞങ്ങൾ വളരെയധികം സ്നേഹവും ദയയുമുള്ള ആളുകളെ കണ്ടിട്ടുണ്ട്. യഥാർഥ ആതിഥ്യമര്യാദയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു അനുഭവം മതി എല്ലാം നശിപ്പിക്കാനും ഭയം സൃഷ്ടിക്കാനും, ഇത്തരത്തിലുള്ള കുറച്ച് പുരുഷന്മാർ മതിയാകും എല്ലാം ഇല്ലാതാക്കാന്‍’ എമ്മ പറയുന്നു. സംഗീതപരിപാടികളില്‍ മാത്രമല്ല, സ്ത്രീകള്‍ എല്ലായിടത്തും സുരക്ഷിതരായിരിക്കണം. ആ സുരക്ഷിതത്വമുണ്ടെന്ന തോന്നല്‍ അവര്‍ക്കുണ്ടാകാണം, അതിനുള്ള അവകാശം അവര്‍ക്കുണ്ട്’ എമ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എമ്മയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ രോഷത്തിന് കാരണമായി. നിരവധി ഉപയോക്താക്കൾ സംഭവത്തെ ശക്തമായി  അപലപിച്ചു. ‘നിങ്ങൾക്ക് ഇത് നേരിടേണ്ടി വന്നതിൽ വിഷമമുണ്ട്. രണ്ടുപേരോടും സ്നേഹം മാത്രം. തുറന്ന് പറഞ്ഞതിന് നന്ദി. നിശബ്ദത ഇത് ചെയ്തവര്‍ക്ക് ഒരു സംരക്ഷണമാണ്’ ഒരു ഉപയോക്താവ് കുറിച്ചു. സംഭവം പൊതുയിടങ്ങളിലെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

ENGLISH SUMMARY:

A foreign woman, Emma (Discover With Emma), shared a video detailing her traumatic experience of being inappropriately touched and harassed along with her friend at the Post Malone concert in Guwahati, Assam. Emma expressed feeling unsafe within 10 minutes of entering the crowded venue, highlighting that the incident went beyond simple crowding and constituted assault against women in a public space. While she emphasized that most people she met in Guwahati were kind, she stated that a few men were enough to destroy the experience and generate fear. Her post has sparked outrage online and fueled discussions about women's safety in Indian public spaces, including tourist spots.