രാജ്യത്ത് കോടതി വിധികള്‍ നടപ്പാകാതെ പോവുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. സിവില്‍ കേസുകളില്‍ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള എട്ടുലക്ഷം ഹര്‍ജികളാണ് ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. കേരളത്തില്‍ 82,997 ഹര്‍ജികളും തീര്‍പ്പായിട്ടില്ല. ആറു മാസത്തിനകം ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശവും നടപ്പായില്ല
മാസങ്ങളും വര്‍ഷങ്ങളും നീണ്ട നിയമ വ്യവഹാരത്തിനൊടുവിലാണ് പല സിവില്‍ കേസുകളിലും കോടതികള്‍ വിധി പറയുന്നത്. ആ വിധി നടപ്പായിക്കിട്ടാന്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതി കയറേണ്ടിവരുന്നു. വിധി നടപ്പാക്കാന്‍ ഇടപെടലാവശ്യപ്പെട്ടുള്ള ഹര്‍ജികളും തീര്‍പ്പാകാതെ നീണ്ടുപോയാല്‍ നീതിക്കായി എന്തുചെയ്യണം ? ഗൗരവരതരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണ് സുപ്രീം കോടതിക്ക് ലഭിച്ച കണക്ക്. രാജ്യത്തെ വിവിധ ജില്ലാ കോടതികളിലായി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള 8,82,578 ഹർജികളാണ് കെട്ടിക്കിടക്കുന്നത്. കേരളത്തിലെ ജില്ലാ കോടതികളില്‍ 82,997 ഹര്‍ജികളും തീര്‍പ്പ് കാത്തിരിക്കുന്നു.
വിധി നടപ്പാക്കണമെന്ന ഹര്‍ജികള്‍ ആറു മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാലയളവില്‍ തീര്‍പ്പാക്കിയത് 3,38,685 എക്സിക്യൂഷൻ ഹർജികളാണ്. അവശേഷിക്കുന്ന ഹര്‍ജികളുടെ ഭീമമായ കണക്ക് വളരെ നിരാശാജനകവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് നീരീക്ഷിച്ചു ഏറ്റവും കൂടുതല്‍ ഹര്‍ജികള്‍ കെട്ടികിടക്കുന്നത് മഹാരാഷ്ട്രയിലാണ്, 3.41 ലക്ഷം. തമിഴ്നാട്ടില്‍ 86,148–ും ആന്ധ്രാ പ്രദേശില്‍ 68,137 ഹര്‍ജികളും തീര്‍പ്പാക്കാനുണ്ട്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ഹൈക്കോടതികള്‍ ഈ കണക്കുകള്‍ നല്‍കിയത്. വിവരം നല്‍കാത്ത കര്‍ണാടക ഹൈക്കോടതിയോട് സുപ്രീം കോടതി വിശദീകരണം തേടി. ഹർജികൾ തീർപ്പാക്കാന്‍ ജില്ലാ ജുഡീഷ്യറിയുമായി ചേര്‍ന്ന് തുടർനടപടികൾ ഉറപ്പാക്കണമെന്നും സുപ്രീം കോടതി ആവർത്തിച്ചു.