എഐ ചിത്രം (പ്രതീകാത്മകം)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച 36കാരന് 50 വര്‍ഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള. 16കാരിയിൽ നിന്ന് ശേഖരിച്ച പുരുഷബീജം ഡി.എൻ.എ പരിശോധനക്കയച്ചതും മോഷണക്കേസില്‍ കുടുങ്ങിയ പ്രതിയില്‍ നിന്ന് ഡി.എൻ.എ സാമ്പിൾ ശേഖരിച്ചതുമാണ് കേസില്‍ വഴിത്തിരിവായത്. തിരുവല്ലം സ്വദേശി ഷൈനുവിനാണ് (37) പോക്സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളിലായി കടുത്ത ശിക്ഷ വിധിച്ചത്.

ആദ്യ ലൈംഗിക പീഡനം 2018 ഡിസംബർ 31നാണ് നടന്നത്. 16കാരിയും സുഹൃത്തുക്കളും ഷൈനുവിനൊപ്പം കോവളത്ത് ന്യൂഇയർ ആഘോഷിച്ച് മടങ്ങി വരവേയാണ് ലൈംഗിക അതിക്രമം നടന്നത്. ഷൈനുവിന്‍റെ ബന്ധുവീട്ടിലേക്ക് എല്ലാവരെയും അയാള്‍ കൂട്ടിക്കൊണ്ട് പോയി. അവിടെ വച്ചാണ് ഷൈനു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഭയം കാരണം ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. ഇതോടെ പ്രതി ആദ്യ പീഡനവിവരം കൂട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പീഡിപ്പിച്ചു.

തൊട്ടടത്ത ദിവസം കുട്ടിയും സഹോദരിയും ക്ഷേത്രോത്സവം കാണാൻ പോയി തിരികെ വരാൻ വൈകി. ഫോണിൽ കുട്ടികളെ കിട്ടാതെ വന്നപ്പോൾ പിതാവ് പൊലീസിൽ പരാതി നൽകി. പൂന്തുറ പൊലീസ് കുട്ടികളെ കണ്ടെത്തുകയും, നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായത്. ഭീഷണി ഭയന്നാണ് വിവരം പുറത്ത് പറയാത്തതെന്ന് പൊലീസിന് കുട്ടി മൊഴി നൽകി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയിൽ നിന്ന് ശേഖരിച്ച പുരുഷ ബീജം ഡി.എൻ.എ പരിശോധനക്ക് അയച്ചു. മോഷണ കേസിൽ കസ്റ്റഡിയിലായ പ്രതിയെ ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങി അയാളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. 10 മാസത്തിനു ശേഷം അതിന്‍റെ ഫലം വന്നപ്പോഴാണ് അത് ഷൈനുവിന്‍റേതാണെന്ന് തെളിഞ്ഞത്. അങ്ങനെയാണ് പ്രതിക്ക് കുരുക്ക് മുറുകിയത്.

ENGLISH SUMMARY:

A POXSO case has resulted in a significant legal sentence for a 36-year-old perpetrator. The court's verdict, supported by crucial DNA evidence, has brought a sense of justice to the victim.