16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 30 കാരന് 20 വർഷം കഠിന തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. പെരുമ്പഴുതൂർ കളത്ത് വിള പുത്തൻവീട്ടിൽ കണ്ണൻ എന്ന അരുണിനെയാണ് പോക്സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം.
2023 ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം പ്രതി അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ബഹളം കേട്ട് കുട്ടിയുടെ പിതാവ് വന്ന് കതകിൽ തട്ടിയതോടെ പ്രതി സ്ഥലത്ത് നിന്നും ഇറങ്ങി ഓടി. പിന്നീട് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 7 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ കാഞ്ഞിരംകുളം പൊലീസ് ഇൻസ്പെക്ടറായിരുന്ന അജി ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.