പഞ്ചാബ് മുന്‍ മന്ത്രിയുടെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മുൻ മന്ത്രിയുടെയും മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റേയും മകനായ 33-കാരന്‍ അഖിൽ അക്തറിന്‍റെ മരണത്തെത്തുടർന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അഖിലിന്റെ പിതാവും ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്.
മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയുടേയും മുൻ പഞ്ചാബ് മന്ത്രി റസിയ സുൽത്താനയുടേയും മകനാണ് അഖിൽ അക്തര്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പഞ്ച്കുളയിലെ വീട്ടിൽ അഖിലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആദ്യം പറഞ്ഞത്. ചില മരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായതാകാം മരണകാരണം എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.
അഖിൽ റെക്കോർഡ് ചെയ്ത ചില വിഡിയോകളാണ് പിന്നീട് കേസില്‍ വഴിത്തിരിവായത്. ഒരു വീഡിയോയിൽ, തന്‍റെ പിതാവും ഭാര്യയും തമ്മിൽ ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു: ‘എന്‍റെ ഭാര്യക്ക് എന്‍റെ അച്ഛനുമായി അവിഹിതബന്ധമുണ്ടെന്ന് ഞാൻ കണ്ടെത്തി. ഞാൻ വലിയ മാനസിക സമ്മർദ്ദത്തിലും മാനസിക ആഘാതത്തിലുമാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവർ എന്നെ കള്ളക്കേസിൽ കുടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്.’ കള്ളക്കേസിൽ കുടുക്കാനോ കൊല്ലാനോ ആണ് അവരുടെ പദ്ധതിയെന്നും, തന്‍റെ അമ്മ റസിയ സുൽത്താനയും സഹോദരിയും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നും അഖിൽ ആരോപിച്ചു.
തന്‍റെ വിവാഹത്തിന് മുന്‍പുതന്നെ പിതാവിന് ഭാര്യയെ അറിയാമായിരുന്നു എന്നും, അവൾ എന്നെയല്ല എന്‍റെ അച്ഛനെയാണ് കല്യാണം കഴിച്ചതെന്നും അഖിൽ പറയുന്നു. താൻ ഭ്രാന്തനാണെന്ന് വരുത്തിത്തീർത്ത് കുടുംബത്തിന്‍റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമം എന്നും അഖിൽ ആരോപിക്കുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി കുടുംബാംഗങ്ങൾ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച്, നിയമവിരുദ്ധമായി പുനരധിവാസ കേന്ദ്രത്തിൽ അടച്ചു എന്നും അഖിൽ പറയുന്നു.
എന്നാല്‍ മറ്റൊരു വിഡിയോയിൽ, താൻ കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും മാനസികരോഗം കാരണമാണെന്ന് അഖിൽ പറയുന്നു: ‘ഞാൻ സ്കീസോഫ്രീസിയ ബാധിതനായിരുന്നു. ഇപ്പോൾ ഞാൻ സുഖമായിരിക്കുന്നു. എന്‍റെ കുടുംബാംഗങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. എന്നെ ഇങ്ങനെയൊരു കുടുംബംകൊണ്ട് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം’, ഈ സമയത്ത് അദ്ദേഹത്തിന്റെ മുഖം വീഡിയോയിൽ കാണുന്നില്ല. പിന്നീട് മുഖം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ, അവർ എന്നെ കൊല്ലുമോ എന്നാണ് അഖിൽ ചോദിക്കുന്നത്.
ആദ്യം കേസിൽ ദുരൂഹതയൊന്നും സംശയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് സൃഷ്ടി ഗുപ്ത അറിയിച്ചു. എന്നാൽ, കുടുംബാംഗങ്ങൾക്ക് മരണത്തിൽ പങ്കുണ്ടെന്ന് കാണിച്ച് ഷംസുദ്ദീൻ എന്ന അടുത്ത കുടുംബ സുഹൃത്ത് നൽകിയ പരാതിയുടേയും, അഖിലിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റുകളും വിഡിയോകളും സംശയം ജനിപ്പിച്ചതിന്‍റേയും അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഹമ്മദ് മുസ്തഫ, റസിയ സുൽത്താന, അഖിലിന്റെ ഭാര്യ, സഹോദരി എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.