ai-image

ഗര്‍ഭിണിയായ 24 കാരിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഭര്‍ത്താവിന്‍റെ സഹോദരനും അമ്മയും അടക്കം നാലു പേര്‍ക്കെതിരെ കേസ്. അമ്മായിയമ്മയുടെ സഹായത്തോടെയാണ് ഭര്‍തൃ സഹോദരന്‍ ലൈംഗീകാതിക്രമം നടത്തി എന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് ഫെബ്രുവരിയില്‍ മരിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

2023 മേയ് പത്തിനാണ് യുവതിയുടെ വിവാഹം നടന്നത്. ദേവ്റിയ പോലീസ് സ്റ്റേഷൻ പരിധിയിലെ കർഷക കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു ഭര്‍ത്താവ്. വിവാഹ ശേഷം യുവതിക്ക് സ്ത്രീധന പീഡനം നേരിട്ടിരുന്നു. പിന്നീട് ഹരിയാനയിലെ തടി വ്യാപാര കമ്പനിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പമായിരുന്നു യുവതിയുടെ താമസം. ജോലി നഷ്ടമായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ ഇതിന് സമ്മതിച്ചില്ല. കുടുംബത്തിന്‍റെ പിന്തുണയില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഭര്‍ത്താവിന്‍റെ മൃതദേഹവുമായി നാട്ടിലെത്തിയ യുവതി സംസ്കാരത്തിന് ശേഷം കുറച്ചുനാള്‍ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് അതിക്രമം ഉണ്ടായത്. ഈ സമയത്ത് ആറുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഒരു ദിവസം രാത്രി അമ്മായിയമ്മ ഇളയമകനെ തന്‍റെ മുറിയിലേക്ക് അയച്ചുവെന്നും ശല്യം ചെയ്യുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ ബന്ധം സ്ഥാപിക്കണമെന്ന് പറഞ്ഞ് അമ്മായിയമ്മ സമ്മര്‍ദ്ദം ചെലുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് തുടർന്നു. മാർച്ച് മാസത്തിൽ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു എന്നും പരാതിയിലുണ്ട്.

ജൂൺ 11-ന് യുവതി സ്വന്തം വീട്ടിൽ വെച്ച് മകൾക്ക് ജന്മം നൽകി. പിന്നീട് യുവതിയും കുടുംബവും ഭര്‍ത്താവിന്‍റെ വീട്ടുകാരെ സമീപിച്ചപ്പോള്‍ അസഭ്യം പറയുകയും ഭര്‍ത്താവിന്‍റെ സ്വത്തിലുള്ള പങ്ക് നിഷേധിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർതൃമാതാപിതാക്കൾക്കും രണ്ട് സഹോദരന്മാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 

ENGLISH SUMMARY:

Sexual assault case has been registered against four people, including the husband's brother and mother, for sexually assaulting a 24-year-old pregnant woman. The incident occurred after the woman's husband died, and she was allegedly harassed with the help of her mother-in-law.