പിസ്റ്റള്‍ ഉപയോഗിച്ച് സഹപാഠിയ്ക്കുനേരെ വെടിയുതിര്‍ത്ത രണ്ട് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സെക്ടർ 48 ലെ ഹൈ-എൻഡ് പാർപ്പിട സമുച്ചയമായ സെൻട്രൽ പാർക്ക് റിസോർട്ടിൽ കുട്ടികളിലൊരാളുടെ പിതാവിന്‍റെ ലൈസന്‍സുള്ള പിസ്റ്റള്‍ ആണ് സഹപാഠിക്കുനേരെ വെടിയുതിര്‍ക്കാനായി വിദ്യാര്‍ഥികള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഹൗസിങ് കോളനിയ്ക്ക് സമീപമുള്ള യദുവംശി സ്കൂളിലെ വിദ്യാര്‍ഥികളായ മൂന്നുപേര്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വഴക്കാണ് ഞെട്ടിക്കുന്ന കുറ്റകൃത്യത്തിലേക്ക് നയിച്ചത്. ശനിയാഴ്ച രാത്രി പ്രതികളിലൊരാള്‍ ഇരയായ പതിനേഴുകാരനെ കോപ്ലക്സിനുള്ളിലെ അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തി. ആദ്യം ക്ഷണം നിരസിച്ചെങ്കിലും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ 17കാരന്‍ പോകാന്‍ സമ്മതിക്കുകയായിരുന്നു. മകനെ വീട്ടില്‍ വന്നാണ് പ്രതിയായ സഹപാഠി കൂട്ടിക്കൊണ്ടുപോയതെന്ന് വെടിയേറ്റ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. അപ്പാര്‍ട്ട്മെന്‍റിലെത്തിയപ്പോള്‍ മറ്റൊരു സഹപാഠിയും അവിടെ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ രണ്ട് സഹപാഠികളും ചേര്‍ന്ന് മകനെ വെടിവയ്ക്കുകയായിരുന്നുവെന്ന് അമ്മയുടെ മൊഴിയില്‍ പറയുന്നു.
ഒരു പിസ്റ്റൾ, വെടിയുണ്ട നിറയ്ക്കുന്ന ഒരു മാഗസിൻ, അഞ്ച് ലൈവ് കാട്രിഡ്ജുകൾ, ഒരു ശൂന്യ ഷെൽ, 65 വെടിയുണ്ടകളുള്ള മറ്റൊരു മാഗസിൻ എന്നിവ സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ലൈസൻസുള്ള ആയുധങ്ങൾ സുരക്ഷിതമായും കുട്ടികൾക്ക് ലഭ്യമാകാതെയും സൂക്ഷിക്കാൻ എല്ലാ തോക്കുടമകളോടും ഗുരുഗ്രാം പോലീസ് അഭ്യർത്ഥിച്ചു.