നവി മുംബൈയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ഇന്ന് പുലർച്ചെ 12:40-ഓടെയാണ് അപകടമുണ്ടായത്. 11 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

മരിച്ച ആറുപേരിൽ മൂന്ന് മലയാളികൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. തിരുവനന്തപുരം സ്വദേശിയായ സുന്ദര്‍ ബാലകൃഷ്ണന്‍‌ (44), ഭാര്യ പൂജാ രാജന്‍ (39), മകള്‍ വേദിക (6)  എന്നിവരാണ് മരിച്ചത്. നവി മുംബൈയിലെ വാഷി സെക്ടറിൽ സ്ഥിതി ചെയ്യുന്ന എം.ജി. കോംപ്ലക്സിലെ 'രജേഹ' കെട്ടിടത്തിലെ 'ബി' വിങ്ങിലെ പത്താം നിലയിലായിരുന്നു തീപിടുത്തം. മിനിറ്റുകൾക്കകം തന്നെ തീ 11-ാം നിലയിലേക്കും 12-ാം നിലയിലേക്കും പടർന്നു പിടിക്കുകയായിരുന്നു.

ടയർ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദർ രാമകൃഷ്ണനും പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്. തീ ചുറ്റും പടർന്നതോടെ മലയാളി കുടുംബം ഫ്ലാറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും മലയാളി കുടുംബത്തെ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നൽകുന്ന പ്രാഥമിക സൂചന. അഞ്ചോളം യൂണിറ്റുകളെത്തി ഏകദേശം മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ച ശേഷമാണ് തീ പൂർണമായും നിയന്ത്രണത്തിലാക്കിയത്.

മൃതദേഹങ്ങൾ വാശി മുനിസിപ്പൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ശേഷം വൈകുന്നേരത്തോടെ മാതാപിതാക്കളുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവരും. ഇന്ന് വൈകിട്ട് തുർഭേ ഹിന്ദു സ്മശാനത്തിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

ENGLISH SUMMARY:

Navi Mumbai fire claims lives of six including three Malayalis. The fire that broke out in an apartment complex resulted in the tragic loss of life and injuries to several others.