17വയസുകാരി ലൈംഗികാതിക്രമം നേരിട്ടതിനെത്തുടര്‍ന്ന് അര്‍ദ്ധബോധാവസ്ഥയില്‍ നടന്ന് ആശുപത്രിയിലെത്തി. ഒഡിഷയിലാണ് സംഭവം. വൈദ്യസഹായം തേടി പെണ്‍കുട്ടി സ്വയം ആശുപത്രിയിലെത്തിയതിനു പിന്നാലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ലൈംഗികാതിക്രമം നേരിട്ടതായും കണ്ടെത്തി.
വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലാണ് സംഭവം. ദേഹത്താകെ രക്തംപുരണ്ട് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ 17കാരി ബലാത്സംഗം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റ് വഴി പോലീസിനെ വിവരമറിയിച്ചു.
അധികം വൈകാതെ പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും പെണ്‍കുട്ടിയുടെ ദാരുണമായ അവസ്ഥയില്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല. ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ മാനസികനില വീണ്ടെടുത്ത ശേഷം മാത്രമേ നടന്ന കാര്യങ്ങള്‍ ചോദിച്ചറിയാനാകൂയെന്ന് പൊലീസ് പറയുന്നു. ഇതോടൊപ്പം തന്നെ ആ മേഖലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കാപ്പിറ്റൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടി ജാർഖണ്ഡ് സ്വദേശിയാണെന്ന് കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.