ഡൽഹിയിൽ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിൽ വൻ തീപിടിത്തം. രാജ്യസഭ എംപിമാർ താമസിക്കുന്ന ബ്രഹ്മപുത്ര ഫ്ലാറ്റിലാണ് തീപടര്‍ന്നത്. പാർലമെന്റ് സമ്മേളന കാലയളവ് അല്ലാത്തതിനാൽ ജീവനക്കാർ മാത്രമാണ് ഫ്ലാറ്റുകളിൽ ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല.
ബ്രഹ്മപുത്ര അപാര്‍ട്ട്മെന്‍റില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളില്‍ ആദ്യം തീപടര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഭാഗികമായി കത്തി. ജെബി മേത്തർ, ജോസ് കെ.മാണി, ഹാരിസ് ബീരാൻ അടക്കം എംപിമാര്‍ ഈ ഫ്ലാറ്റിലെ താമസക്കാരാണ്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ജെബി മേത്തര്‍ ആരോപിച്ചു.
മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് മൂന്നുനില ഭാഗികമായി കത്തിനശിച്ചു. കെട്ടിടം മുഴുവന്‍ കരികൊണ്ട് മൂടി. അരമണിക്കൂറെടുത്താണ് അഗ്നിശമന യൂണിറ്റെത്തിയതെന്ന് തൃണമൂല്‍ എം.പി. സാകേത് ഗോഖ്‍ലെ ആരോപിച്ചു. ദീപാവലിയോട് അനുബന്ധിച്ച് കുട്ടികള്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നതോ, ഷോര്‍ട്ട് സര്‍ക്യൂട്ടോ ആണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.