തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാന്റെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മാള്‍ഡയിലെ പുരാതനപള്ളിയെച്ചൊല്ലിയാണ് വിവാദം. താന്‍ അദീന മസ്ജിദിനു മുന്‍പിലാണെന്ന് പറഞ്ഞ് പഠാന്‍ എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വിവാദത്തിന് വഴിവച്ചത്. 

‘മാൾഡയിലെ അദീന മസ്ജിദ്, പശ്ചിമ ബംഗാളിലെ, ഇല്യാസ് ഷാഹി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സുൽത്താൻ സിക്കന്ദർ ഷാ 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ചരിത്രപരമായ പള്ളിയാണിത്. 1373-1375 CE കാലഘട്ടത്തിൽ നിർമ്മിച്ച ഈ പള്ളി അക്കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു, ഇത് ഈ പ്രദേശത്തിന്റെ വാസ്തുവിദ്യയിലെ പ്രൗഢി വിളിച്ചോതുന്നത് കൂടിയാണ്’ എന്നാണ് പഠാന്‍ എക്സ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 

തൃണമൂല്‍ എംപിയുടെ പോസ്റ്റിന് ബിജെപിയുടെ ബംഗാൾ ഘടകം നല്‍കിയ മറുപടിയാണ് ചര്‍ച്ചാവിഷയം. പോസ്റ്റിനു താഴെ ‘ആദിനാഥ് ക്ഷേത്രം’ എന്നാണ് ബിജെപി നല്‍കിയ മറുപടി. ഇതിനു താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. എംപി പറഞ്ഞ സ്മാരകം ഒരു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും അതിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും എക്സ് ഉപയോക്താക്കള്‍ പറയുന്നു.   

കഴിഞ്ഞ വര്‍ഷം ഒരു സംഘം പുരോഹിതർ പള്ളിക്കുള്ളിൽ ഹൈന്ദവ പൂജാകർമ്മങ്ങൾ നടത്തിയിരുന്നു. പൂജ നടത്തിയ വൃന്ദാവനിലെ വിശ്വവിദ്യാ ട്രസ്റ്റ് പ്രസിഡന്റ് ഹിരൺമോയ് ഗോസ്വാമി ദേവതകളെ കണ്ടെത്തിയതായും പള്ളി ഒരു ഹൈന്ദവ ക്ഷേത്രത്തിന് മുകളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ നാട്ടുകാര്‍ പ്രശ്നമുണ്ടാക്കുകയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗോസ്വാമിക്കെതിരെ കേസെടുക്കുകയുമുണ്ടായി.

ദേശീയ സ്മാരകമായി പ്രഖ്യാപിച്ചിരുന്ന ഈ പള്ളി പിന്നീട് അടച്ചുപൂട്ടാനും തീരുമാനിച്ചിരുന്നു. കൂടാതെ ഈ പരിസരത്തെല്ലാം സിസിടിവികളും പൊലീസ് ചെക്ക്പോസ്റ്റും സ്ഥാപിച്ചു. എഎസ്ഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഈ പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. 1369 AD മുതലുള്ള മുസ്ലീം വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് അദീന മസ്ജിദ് എന്നാണ് പുരാവസ്തുവകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY:

Adina Masjid controversy revolves around a social media post by TMC MP Yusuf Pathan about the historical mosque in Malda, West Bengal, sparking debate over its origins and historical significance. The post triggered responses claiming the mosque was built atop a temple, leading to discussions and historical scrutiny.