Image: X

താന്‍ മരിച്ചാല്‍ ആര്‍ക്കെല്ലാം വിഷമം തോന്നും? ആരെല്ലാം തന്നെ സ്നേഹിക്കുന്നുണ്ട്? തന്‍റെ സംസ്കാര ചടങ്ങില്‍ ആരെല്ലാം പങ്കെടുക്കും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനായി ബിഹാറില്‍ നിന്നുള്ള 74 കാരന്‍ ചെയ്തത് കുറച്ചു കടന്നുപോയെന്നാണ് ആളുകള്‍ പറയുന്നത്. വേറെ ഒന്നുമല്ല, സ്വന്തം ‘സംസ്കാരം’ തന്നെ ഇയാള്‍ നടത്തി. മരിച്ചതായി നടിച്ച് ഒരു വ്യാജ സംസ്കാരം. വിചിത്രമായി തോന്നുമെങ്കിലും ഗയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 74 വയസ്സുള്ള മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ മോഹൻലാലാണ്  ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചത്. 

സംഭവത്തെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. നൂറുകണക്കിന് ഗ്രാമവാസികളാണ് ഇയാളുടെ ‘മരണാനന്തര’ ചടങ്ങുകളില്‍ പങ്കെടുത്തത്. യഥാർഥ ശവസംസ്കാരമാണെന്ന് വിശ്വസിച്ചായിരുന്നു അയൽക്കാരും നാട്ടുകാരും എത്തിയത്. എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. അലങ്കരിച്ച ഒരു ശവപ്പെട്ടിയിൽ വെളുത്ത തുണി ധരിച്ച് കിടക്കുന്ന തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനുള്ള ആളുകളെപ്പോലും മോഹന്‍ലാല്‍ ഏര്‍പ്പാടാക്കിയിരുന്നു. ശ്മശാനത്തില്‍ എത്തിയപ്പോളാണ് എല്ലാവരെയും ഞെട്ടിച്ച് മോഹൻലാൽ എഴുന്നേറ്റത്. പിന്നാലെ പ്രതീകാത്മകമായി ഒരു കോലം മൃതദേഹത്തിന് പകരം സംസ്കരിച്ചു. സംസ്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിരുന്നും ഏര്‍പ്പെടുത്തിയിരുന്നു.

തന്റെ ശവസംസ്കാര ചടങ്ങിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘മരണശേഷം ആളുകൾ എന്‍റെ ശവമഞ്ചം ചുമക്കും, പക്ഷേ അത് നേരിട്ട് കാണാനും ആളുകൾ എനിക്ക് എത്രമാത്രം ബഹുമാനവും സ്നേഹവും നൽകുന്നുവെന്ന് അറിയാനും ഞാൻ ആഗ്രഹിച്ചു’ എന്ന് അദ്ദേഹം പറഞ്ഞു. എന്തായാലും സംഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്. തന്റെ അന്ത്യയാത്രയിൽ ഗ്രാമവാസികൾ പങ്കെടുത്തത് കണ്ടപ്പോള്‍ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്ന് മോഹൻലാൽ പറഞ്ഞു.

വ്യോമസേനയിൽ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് 74 കാരനായ മോഹൻലാൽ. സേനയിലെ സേവനത്തിനു ശേഷവും തന്‍റെ ഗ്രാമത്തില്‍ സാമൂഹിക പ്രവർത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു. മഴക്കാലത്ത് തന്‍റെ ഗ്രാമത്തില്‍ ശവസംസ്കാരത്തിനുള്ള ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടപ്പോൾ, അടുത്തിടെ അദ്ദേഹം സ്വന്തം ചെലവിൽ സുസജ്ജമായ ഒരു ശ്മശാനം നിർമ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഭാര്യ ജീവൻ ജ്യോതി 14 വർഷം മുമ്പാണ് മരിച്ചത്. മോഹന്‍ലാലിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.

ENGLISH SUMMARY:

In a unique and viral incident from Gaya district, Bihar, 74-year-old former Air Force officer Mohanlal staged his own funeral while still alive to see who would attend and how much respect and affection the community would show him. Hundreds of villagers participated, believing it was a real funeral, following all traditional rituals. Mohanlal later revealed he wanted to experience his “posthumous” ceremony firsthand and gauge the love and honor people had for him. The event, blending tradition, curiosity, and social experiment, has captured widespread attention on social media.