Image Credit: Social Media
മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ബ്രാഹ്മണനെ ‘അപമാനിച്ചതിന്’ ശിക്ഷയായി അയാളുടെ കാലുകൾ കഴുകി വെള്ളം യുവാവിനെക്കൊണ്ട് കുടിപ്പിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് പ്രവൃത്തിക്കെതിരെ ഉയരുന്നത്. അതേസമയം പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും ആരോപിക്കുന്നത്. സംഭവത്തില്‍ കുശ്വാഹ സമുദായത്തിലെ ഒരാൾ സമർപ്പിച്ച പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഒബിസി വിഭാഗച്ചില്‍പ്പെട്ട പർഷോത്തം കുശ്വാഹയെക്കൊണ്ടാണ് അന്നു പാണ്ഡെ എന്നയാളുടെ കാല്‍ കഴുകി വെള്ളം കുടിപ്പിച്ചത്. ഇരുവരും താമസിക്കുന്ന സതാരിയ ഗ്രാമത്തില്‍ മദ്യനിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കാര്യങ്ങള്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കുന്നത്. മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. തുടര്‍ന്ന് പിടിക്കപ്പെട്ടപ്പോൾ ഇയാളെ ഗ്രാമവാസികൾ ശിക്ഷിക്കുകയും പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിർബന്ധിക്കുകയും ചെയ്തു. അന്നു പാണ്ഡെ ഇത് അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെയാണ് അന്നു പാണ്ഡെ ഷൂ മാല ധരിച്ചിരിക്കുന്ന എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം പർഷോത്തം പങ്കുവച്ചത്. മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തെങ്കിലും ചിലർ ഈ പ്രവൃത്തിയെ ബ്രാഹ്മണ സമൂഹത്തോടുള്ള അപമാനമായി കണ്ടു. തുടര്‍ന്ന് ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഒരു സംഘം ഒത്തുകൂടി പർഷോത്തമിനോട് പ്രായശ്ചിത്തം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങി അന്നു പാണ്ഡെയുടെ കാല്‍ കഴുകി ആ വെള്ളം കുടിക്കേണ്ടതായി വന്നു. 5,100 രൂപ പിഴയും പർഷോത്തമിന് സംഘം വിധിച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പർഷോത്തം അന്നുവിന്റെ പാദങ്ങൾ കഴുകുന്നത് കാണാം. വിഡിയോ വൈറലായതോടെ സംഭവത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനിടെയാണ് വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാനായി പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തുന്നത്. തനിക്ക് ഒരു തെറ്റ് പറ്റിയെന്നും അതിന് താന്‍ ക്ഷമ ചോദിച്ചതാണെന്നും തങ്ങള്‍ക്കിടയില്‍ ഗുരു– ശിഷ്യ ബന്ധമാണെന്നും. ഇതിനെ രാഷ്ട്രീയമാക്കരുതെന്നും ആവശ്യപ്പെട്ട് പർഷോത്തം രംഗത്തെത്തി. താന്‍ അത് സ്വമേധയാ ചെയ്തതാണെന്നാണ് ഇപ്പോള്‍ പര്‍ഷോത്തം പറയുന്നത്.