വാട്സ് ആപ്പിന് വെല്ലുവിളിയുയർത്തി മുന്നേറുകയാണ് ഇന്ത്യന്‍ നിര്‍മിത ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ അറട്ടൈ. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ അറട്ടൈയെക്കുറിച്ച് ‘എക്സി’ൽ പോസ്റ്റ് ചെയ്തതോടെയാണ് ആപ്പ് വൈറലായത്. പിന്നാലെ മറ്റ് മന്ത്രിമാരും പ്രമുഖ ബിസിനസ് മേധാവികളും ആപ്പിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സുപ്രീം കോടതിതന്നെ അറട്ടൈ ആപ്പ് ശുപാർശ ചെയ്യുന്നു.
ബ്ലോക്കായ വാട്ട്‌സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി അറട്ടൈയെക്കുറിച്ച് പരാമർശിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അക്കൗണ്ടുകൾ താൽക്കാലികമായോ സ്ഥിരമായി ബ്ലോക്ക് ചെയ്യുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വാട്സാപ്പ് , കേന്ദ്ര സർക്കാർ, ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് എന്നിവരെ എതിർകക്ഷികളാക്കി ഡോ. രാമൻ കുന്ദ്രയാണ് ഹർജി നൽകിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ആർട്ടിക്കിൾ 32 പ്രകാരമായിരുന്നു ഹർജി . ഹർജിയുടെ നിലനിൽപ്പ് തന്നെ ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് ആദ്യം ചോദ്യം ചെയ്തു.
"വാട്ട്‌സ്ആപ്പ് ആക്‌സസ് ചെയ്യാനുള്ള നിങ്ങളുടെ മൗലികാവകാശം എന്താണ്?", ജസ്റ്റിസ് മേത്ത ചോദിച്ചു. ‘’പോളി-ഡയഗ്നോസ്റ്റിക് സെന്ററിൽ ജോലി ചെയ്യുന്ന ഹർജിക്കാരൻ കഴിഞ്ഞ 10-12 വർഷമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു, തന്റെ ക്ലയന്റുകളുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ ആക്‌സസ് തടഞ്ഞു’’. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മഹാലക്ഷ്മി പവാനി മറുപടി നൽകി. വാട്ട്‌സ്ആപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ കാരണവും കോടതി ആരാഞ്ഞു. ഒരു കാരണവും അറിയിച്ചിട്ടില്ല, ഹർജിക്കാരന് ഒരു അവസരവും നൽകാതെയാണ് ബ്ലോക്ക് ചെയ്തത്, എല്ലാം സ്തംഭിച്ചിരിക്കുകയാണെന്നായിരുന്നു അഭിഭാഷകയുടെ മറുപടി. തുടർന്നാണ് കോടതി ബദൽ മാർഗം നിർദേശിച്ചത്. "മറ്റു ആശയവിനിമയ ആപ്ലിക്കേഷനുകളുണ്ടല്ലോ, നിങ്ങൾക്ക് അവ ഉപയോഗിക്കാം.
അടുത്തിടെ, ‘അറട്ടൈ’ എന്നൊരു തദ്ദേശീയ ആപ്പ് വന്നു. അത് ഉപയോഗിക്കൂ. മേക്ക് ഇൻ ഇന്ത്യയാണ്!" ജസ്റ്റിസ് മേത്ത പറഞ്ഞു. ശേഷം ഹർജി കോടതി നിരസിച്ചു. എങ്കിലും നിയമപ്രകാരം മറ്റു പരിഹാര മാർഗങ്ങൾ പ്രയോജനപ്പെടുത്താൻ ബെഞ്ച് ഹർജിക്കാർക്ക് സ്വാതന്ത്ര്യം നൽകി. റിട്ട് ഹർജി നിലനിൽക്കില്ല. ഹർജിക്കാരന് സിവിൽ കേസ് ഫയൽ ചെയ്യാമെന്ന് കോടതി നിർദേശിച്ചു. വിഷയം ഇന്ത്യ മുഴുവൻ നിലനിൽക്കുന്നതാനെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിന്റെ/സസ്‌പെൻഡ് ചെയ്യുന്നതിന്റെ അധികാരം നിയന്ത്രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
അവസാനമായി, ഹർജിക്കാരന് തന്റെ അക്കൗണ്ടിലേക്ക് പ്രവേശനം അനുവദിക്കാൻ വാട്സാപ്പിനോട് ആവശ്യപ്പെടണമെന്ന് അഭിഭാഷക കോടതിയോട് അപേക്ഷിച്ചു. അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാവില്ല എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.