Image Credit: x.com/IB_INDIA_
പാകിസ്ഥാന്‍റെ ഇന്‍റർ-സർവീസസ് ഇന്റലിജൻസിനായി (ഐഎസ്ഐ) വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് രാജസ്ഥാനില്‍ പിടിയിലായി. ആല്‍വാര്‍ നിവാസിയായ മംഗത് സിങിനെയാണ് രാജസ്ഥാൻ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏകദേശം രണ്ട് വർഷമായി ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നതായും അൽവാർ ആർമി കന്റോൺമെന്റിനെയും മേഖലയിലെ മറ്റ് സ്ഥലങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ പങ്കിട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ നടന്ന പാകിസ്ഥാന്‍റെ ഹണി ട്രാപ്പിന് പിന്നാലെയാണ് യുവാവ് ചാരപ്പണി ആരംഭിച്ചത്. ‘ഇഷ ശർമ്മ’ എന്ന പേരിലുള്ള ഒരു സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിയിട്ടുണ്ട്. തുടര്‍ന്ന് രഹസ്യ സൈനിക വിവരങ്ങൾ പങ്കിടാൻ പ്രേരിപ്പിച്ചു. ഈ രഹസ്യ വിവരങ്ങൾക്ക് പകരമായി യുവാവിന് വന്‍തോതില്‍ പണം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് പാകിസ്ഥാൻ നമ്പറുകളുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ ഇയാള്‍ സൈനിക വിവരങ്ങൾ പങ്കുവെച്ചിരുന്നെന്നും ഡിഐജി ഇന്റലിജൻസ് രാജേഷ് മീൽ പറഞ്ഞു.
സൈനിക നീക്കങ്ങളെ കുറിച്ചും കന്റോൺമെന്റ് ലേഔട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല തന്ത്രപരമായ പദ്ധതികളെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങളും യുവാവ് പങ്കിട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അനുമാനം. ഇതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, എത്രത്തോളം വിവരങ്ങള്‍ ചോര്‍ന്നു, മേഖലയിലെ ചാരവലയത്തിന്റെ ഭാഗമാണോ ഇയാള്‍ എന്നതിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം യുവാവിനെതിരെ ജയ്പൂരിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും രാജസ്ഥാൻ സിഐഡി ഇന്റലിജൻസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം സംസ്ഥാനത്തുടനീളമുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾക്ക് സമീപമുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ രാജസ്ഥാൻ ഇന്റലിജൻസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതില്‍ ആൽവാർ കന്റോൺമെന്റ് പ്രദേശത്ത് നിരീക്ഷണത്തിനിടെയാണ് യുവാവിന്‍റെ നീക്കങ്ങൾ സംശയാസ്പദമായി കണ്ടെത്തുന്നത്. പിന്നാലെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിരോധ, സുരക്ഷാ മേഖലയിലെ വളരെ സെൻസിറ്റീവായുള്ള പ്രദേശങ്ങളിലൊന്നാണ് ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗമായ ആല്‍വാര്‍. തലസ്ഥാന നഗരമായ ഡൽഹിയും അതിനോട് ചേർന്നു കിടക്കുന്ന നഗരപ്രദേശങ്ങളേയും ചേർത്താണ് ദേശീയ തലസ്ഥാനമേഖല എന്ന് അറിയപ്പെടുന്നത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്.