ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തരെ വിലക്കിയതില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സംഭവത്തില്‍ വിമര്‍ശനം കനത്തതോടെയാണ് വിദേശകാര്യ മന്ത്രാലയം പ്രതികരണവുമായി എത്തിയത്. ആമിർ ഖാൻ മുത്തഖിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി അഫ്ഗാനിസ്ഥാൻ കോൺസൽ ജനറലാണ് തിരഞ്ഞെടുത്ത മാധ്യമപ്രവർത്തരെ വാര്‍ത്താ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. അഫ്ഗാൻ എംബസി ഇന്ത്യൻ സർക്കാരിന്‍റെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
സംഭവത്തില്‍ ഒട്ടേറെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാക്കളും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. ‘ഒരു പൊതുവേദിയിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ മാറ്റിനിര്‍ത്താന്‍ നിങ്ങൾ അനുവദിക്കുമ്പോൾ, ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങൾ പറയുന്നത് അവർക്കുവേണ്ടി നിലകൊള്ളാൻ നിങ്ങൾക്കാകില്ലെന്നാണ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.
‘നമ്മുടെ രാജ്യത്ത്, എല്ലാ ഇടങ്ങളിലും തുല്യ പങ്കാളിത്തത്തിന് സ്ത്രീകൾക്ക് അവകാശമുണ്ട്. അത്തരം വിവേചനങ്ങൾക്കെതിരെ നിങ്ങൾ പുലർത്തുന്ന മൗനം നാരിശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ പ്രധാനമന്ത്രി മോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിട്ടു. സ്ത്രീകൾ അഭിമാനത്തോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത്, ഇന്ത്യയിലെ ഏറ്റവും കഴിവുള്ള ചില സ്ത്രീകളെ അപമാനിക്കുന്നത് നിങ്ങള്‍ എങ്ങനെ അനുവദിച്ചുവെന്ന് പ്രിയങ്ക കേന്ദ്രത്തോട് ചോദിക്കുന്നു. സംഭവം അറിഞ്ഞ് താന്‍ ഞെട്ടിയെന്നും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച വാര്‍ത്താസമ്മേളനത്തില്‍ നിന്നും പുരുഷ മാധ്യമപ്രവർത്തകരും ഇറങ്ങിപ്പോവേണ്ടിയിരുന്നു എന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.
അതേസമയം, ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. ഓരോ രാജ്യത്തിനും അതിന്‍റേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ആഗോളതലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ. ഈ നയങ്ങളിൽ ഇളവ് വരുത്താന്‍ ആഗോള തലത്തില്‍ പോലും സമ്മർദ്ദമുണ്ടെങ്കിലും താലിബാന്‍ അനങ്ങിയിട്ടില്ല. ആറാം ക്ലാസിനുശേഷം രാജ്യത്ത് പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ പോകുന്നതിന് വിലക്കുണ്ട്. ചെറിയ ദൂരം പോലും സഞ്ചരിക്കാൻ സ്ത്രീക്കൊപ്പം പുരുഷനായ രക്ഷിതാവ് കൂടെ വേണം. തൊഴിലവസരങ്ങളും വിലക്കപ്പെട്ടിരിക്കുന്നു. അടുത്തിടെ, അഫ്ഗാൻ സർവകലാശാലകളിൽ സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ പോലും താലിബാന്‍ വിലക്കിയിരുന്നു. ജെന്‍ഡര്‍ സ്റ്റഡിയും നിരോധിച്ചിരുന്നു.