Image Credit: X/bpinews

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍റെ കനത്തവ്യോമാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാക് താലിബാന്‍റെ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ വിവരം പാക്കിസ്ഥാന്‍ തന്നെയാണ് പുറത്തുവിട്ടത്.  കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ത്തതെന്നാണ് പാക്കിസ്ഥാന്‍ വാര്‍ത്താവിതരണ മന്ത്രി അത്താവുള്ള തരാറിന്‍റെ വെളിപ്പെടുത്തല്‍. 'രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഏഴ് പാക് താലിബാന്‍ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ടിടിപിയുടെയും അനുബന്ധ സംഘടനകളുടെയും താവളങ്ങള്‍ക്ക് പുറമെ ഐഎസ് അനുഭാവികളുടെ താവളവും ആക്രമിച്ചെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തിയിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഫിത്ന അല്‍ ഖവറിജ്, ദയിഷ് ഖൊറേസാന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ്  ആക്രമണം നടന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം, അഫ്ഗാനിസ്ഥാനില്‍ എവിടെയും ആക്രമണമുണ്ടായതായി താലിബാന്‍ ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബെര്‍മല്‍ ജില്ലയിലുള്ള മതപഠന കേന്ദ്രത്തിന് നേരെ പാക് വ്യോമാക്രമണം ഉണ്ടായെന്നാണ് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പുറമെ ഖോഗ്യനി ജില്ലയിലും പലതവണ വ്യോമാക്രമണം ഉണ്ടായെന്നും പക്തികയിലെ അര്‍ഗുന്‍, നന്‍ഗര്‍ഹറിലെ ബസൂദ്, ഘനി ഖേല്‍ എന്നിവിടങ്ങളിലും ആക്രമണം ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. 

റമസാന്‍ മാസാരംഭത്തിന് തൊട്ടുമുന്‍പ് ഇസ്​ലമാബാദിലും ബജൗറിലും ബന്നുവിലുമുണ്ടായ ചവേറാക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നാണ് പാക് വിശദീകരണം. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ബജൗറിലെ സെക്യൂരിറ്റി പോസ്റ്റിലേക്ക് ഇടിച്ച് കയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തില്‍11 സൈനികരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനി പൗരനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പിന്നീട് കണ്ടെത്തിയത്. ഈ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മാത്രം മുന്‍പ് ബന്നുവിെല സൈനിക സുരക്ഷാവ്യൂഹത്തെ ലക്ഷ്യമിട്ടും ചാവേര്‍ ആക്രമണം നടന്നു. ഇതില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ഇത്തരം ഭീകരാവാദം കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്‍ ഇതിനോട് പ്രതികരിച്ചത്. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. 

പ്രദേശത്ത് സമാധാനം പുലരുന്നതിനായി പാക്കിസ്ഥാന്‍ എപ്പോഴും പ്രയത്നിക്കുമെന്നും എന്നാല്‍ പാക് പൗരന്‍മാരുടെ ജീവനും സുരക്ഷിതത്വത്തിനും ഭീഷണി ഉയരുന്ന സാഹചര്യമുണ്ടായാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു മന്ത്രി തരാറിന്‍റെ വാക്കുകള്‍.  ഇസ്​ലമാബാദില്‍ ഈ മാസം ആദ്യമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 31 പേരാണ് കൊല്ലപ്പെട്ടത്. 

ENGLISH SUMMARY:

Pakistan has carried out massive airstrikes against terrorist hideouts in Afghanistan, targeting seven key bases of the Tehrik-i-Taliban Pakistan (TTP) and ISIS-K. Information Minister Attaullah Tarar confirmed the operation, stating it was a response to recent suicide attacks in Islamabad, Bajaur, and Bannu that claimed several military and civilian lives. While the Taliban administration has not yet officially confirmed the strikes, reports from Tolo News suggest that religious centers and districts in Paktika and Nangarhar provinces were hit. Pakistan emphasized that it will not tolerate cross-border terrorism and warned of severe consequences for threats against its citizens. The strikes follow a deadly suicide blast in Bajaur by an Afghan national that killed 11 soldiers. This escalation marks a significant tension in Pak-Afghan bilateral relations in early 2026.