അഫ്ഗാനിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പരമാധികാരം ലംഘിച്ചുവെന്നും ഇതിനോട് പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും താലിബാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പ്രതികാര നടപടികളുടെ സമയവും സ്വഭാവവും താലിബാൻ നേതൃത്വം ഉചിതമായ വേളയിൽ തീരുമാനിക്കുമെന്നും പ്രസ്താവനയിലുണ്ട്.
ആക്രമണത്തിന് പിന്നാലെ മുതിർന്ന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത താലിബാൻ, പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി കുറ്റപ്പെടുത്തി. നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ച് സൗദി അറേബ്യ, ഖത്തർ, തുർക്കി തുടങ്ങിയ മധ്യസ്ഥ രാജ്യങ്ങളെ കാബൂൾ ഔദ്യോഗികമായി വിവരമറിയിച്ചിട്ടുണ്ട്.
തങ്ങളുടെ രാജ്യത്ത് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാൻ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരാണെന്നും അവരുടെ ഒളിത്താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്നുമാണ് പാക്കിസ്ഥാന്റെ വാദം. ഞായറാഴ്ച പുലർച്ചെ ഡ്യൂറണ്ട് ലൈനിന് സമീപമുള്ള പക്തിക പ്രവിശ്യയിലെ ബർമൽ ഉൾപ്പെടെയുള്ള ഏഴ് കേന്ദ്രങ്ങളിൽ എഫ്-16, ജെഎഫ്-17 തണ്ടർ വിമാനങ്ങൾ ഉപയോഗിച്ചാണ് പാക് വ്യോമസേന ഓപ്പറേഷൻ നടത്തിയത്.
തെഹ്‌രിക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള 'ഇന്റലിജൻസ് അധിഷ്ഠിത' നീക്കമാണിതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അവകാശപ്പെട്ടു. പാക് പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പാക് സൈന്യം ലക്ഷ്യമിട്ടത് ജനവാസ മേഖലകളും മതപാഠശാലകളുമാണെന്നും ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് തുറന്നടിച്ചു. വിശുദ്ധ മാസത്തിൽ മദ്രസകൾക്ക് നേരെയുണ്ടായ ഈ ആക്രമണം പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്നും താലിബാൻ ആരോപിക്കുന്നു. ഒക്ടോബറിൽ സമാനമായ ഏറ്റുമുട്ടലുകൾക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.