മൈസൂരുവില്‍ പത്ത് വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടി പീഡനത്തിനിരയായതായി സംശയമുണ്ട്. ദസറ എക്‌സിബിഷന്‍ ഗ്രൗണ്ടിന് സമീപമുള്ള ഇന്ദിരാനഗറിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കലബുര്‍ഗിയില്‍ നിന്നുള്ള ദമ്പതികളുടെ നാല് മക്കളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ദസറ സമയത്ത് ബലൂണുകളും പാവകളും വില്‍ക്കാന്‍ മൈസൂരുവിലെത്തിയിരുന്നു കുടുംബം. ബുധനാഴ്ചത്തെ വ്യാപാരത്തിന് ശേഷം കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ നാല് മണിയോടെ മഴ കാരണം മാതാപിതാക്കള്‍ ഉണര്‍ന്നപ്പോള്‍ കാണാതായതായി. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ റോഡരികില്‍ കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.