singer-accident

TOPICS COVERED

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ രാജ്‌വീര്‍ ജവാണ്ട (35) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽവെച്ചുണ്ടായ അപകടത്തിലാണ് രാജ്‌വീറിന് പരുക്കേറ്റത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമരീന്ദർ സിങ് രാജ തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.

‘രാജ്‌വീറിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ചെങ്കിലും വിഫലമായി, ദൈവത്തിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു, അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടേ, ഈ ദുരന്തം താങ്ങാനുള്ള ശക്തി പ്രിയപ്പെട്ടവര്‍ക്കുണ്ടാവട്ടേയെന്നും’–അമരീന്ദര്‍ സിങ് കുറിച്ചു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് രാജ്‌വീര്‍ ജവാണ്ട. മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.

സെപ്റ്റംബർ 27-ന് ഷിംലയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോള്‍ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ വെച്ചുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരുക്കേറ്റത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. 

ലുധിയാനയിലെ പോന സ്വദേശിയാണ് രാജ്‌വീർ ജവാണ്ട. ‘തു ദിസ് പേണ്ട’, ‘ഖുഷ് രേഹ കർ’, ‘സർദാരി’, ‘ഡൗൺ ടു എർത്ത്’, ‘കംഗനി’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം അറിയപ്പെട്ടത്. സുബേദാർ ജോഗീന്ദർ സിങ്, ജിന്ദ് ജാൻ, മിൻഡോ തസീൽദാർനി തുടങ്ങിയ ചിത്രങ്ങളിലും രാജ്‌വീര്‍ പ്രധാന വേഷം അവതരിപ്പിച്ചു.  

ENGLISH SUMMARY:

Rajveer Jawanda's death has shocked the music industry. The Punjabi singer passed away following injuries sustained in a road accident in Himachal Pradesh.