മുംബൈ മഹാനഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തത്. കൊച്ചി ഉൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നു യാത്ര ചെയ്യാം. അദാനി ഗ്രൂപ്പിന് 74 ശതമാനവും സർക്കാർ ഏജൻസിയായ സിഡ്സ്കോയ്ക്ക് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. അദാനി ഗ്രൂപ്പിനു തന്നെയാണു നടത്തിപ്പു ചുമതല.
വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചാൽ ആദ്യം കാണുന്നത് താമരയുടെ ഈ മാതൃകയാണ്. ഉൾവെ-പൻവേൽ മേഖലയിൽ 2866 ഏക്കറിലുള്ള വിമാനത്താവളം കർഷക, തൊഴിലാളി നേതാവ് ഡി.ബി. പാട്ടീലിന്റെ പേരിലാണ് അറിയപ്പെടുക. 19,647 കോടി രൂപയാണ് ഒന്നാംഘട്ടത്തിന്റെ ചെലവ്. സമാന്തരമായി രണ്ടു റൺവേകളും നാലു ടെർമിനലുകളുമാണുള്ളത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം, സർവീസുകൾ ഡിസംബർ പകുതിയോടെയാണ് ആരംഭിക്കുക. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ് എന്നിവയാണ് ആദ്യം സർവീസ് തുടങ്ങുന്നത്.
പുതിയ വിമാനത്താവളം മുംബൈയുടെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന്, സിഡ്സ്കോ ചീഫ് ജനറൽ മാനേജർ മലയാളിയായ ഗീത അജിത് പിള്ള പറഞ്ഞു. അദാനി ഗ്രൂപ്പും സിഡ്കോയും ചേർന്നുള്ള വിമാനത്താവള പദ്ധതിയിൽ സിഡ്കോയുടെ പ്രതിനിധിയാണ് ഗീത പിള്ള. ഇരു വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് മെട്രോയും, ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ജലപാതക്കും പദ്ധതിയുണ്ട്. 2035ൽ നാലു ടെർമിനലുകളും തുറക്കുന്നതോടെ വർഷം 9 കോടി യാത്രക്കാർക്ക് ഇവിടെ യാത്ര ചെയ്യാൻ ആകും.