ചുമ മരുന്ന് മരണങ്ങളിൽ ഇന്ത്യയോട് വ്യക്തത തേടി ലോകാരോഗ്യ സംഘടന. കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ നിർദേശം. അതേസമയം കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടി കടുപ്പിച്ച മധ്യപ്രദേശ് പൊലീസ് സംഘം കാഞ്ചിപുരത്തെത്തി. 20 കുട്ടികളാണ് മധ്യപ്രദേശിൽ ഇതുവരെ മരിച്ചത്.
രാജ്യത്ത് ചുമ മരുന്ന് മരണം 23 ആയതോടെയാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ. കോൾഡ്രിഫ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നിർദേശം. ഇന്ത്യയുടെ മറുപടിക്കനുസരിച്ച് ആഗോളതലത്തിൽ ജാഗ്രത നിർദേശം നൽകുന്നതിൽ തീരുമാനമെടുക്കാനാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.
ഇതിനിടെ കാഞ്ചിപുരത്തെ കോൾ ഡ്രിഫ് നിർമ്മാതാക്കളായ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. ചിന്ദ്വാഡയിൽ നിന്നുള്ള പൊലീസ് സംഘമാണ് കാഞ്ചിപുരത്ത് അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി എത്തിയിട്ടുള്ളത്. തമിഴ്നാട് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് എതിരെ നടപടി എടുത്തേക്കും. കൃത്യമായ പരിശോധനകളോ നടപടികളോ എഫ്ഡിഎ നടത്തിയില്ല എന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്നുമാണ് കണ്ടെത്തല്‍.
മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ നിന്നുള്ള പതിനേഴു ബീദുലിൽ നിന്നും രണ്ടും പന്ദുർണയിൽ നിന്നുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. വൃക്ക തകരാറിലായതിനെ തുടർന്ന് അഞ്ച് കുട്ടികൾ ചികിത്സയിലുണ്ട്. രാജസ്ഥാനിലും മൂന്നു കുട്ടികൾ മരിച്ചിരുന്നു. കോൾഡ്രിഫിന് പുറമെ റിലൈഫ്, റെസ്പിഫ്രഷ് എന്നീ മരുന്നുകള്‍ കൂടി തെലങ്കാന സര്‍ക്കാര്‍ നിരോധിച്ചു.